ഓട്ടവ : ബാങ്ക് ഓഫ് കാനഡ (BoC) അടുത്ത ബുധനാഴ്ച ഈ വർഷത്തെ അന്തിമ പലിശ നിരക്ക് പ്രഖ്യാപിക്കും. ഡിസംബർ 10 ബുധനാഴ്ച നടക്കുന്ന പ്രഖ്യാപനത്തിൽ സെൻട്രൽ ബാങ്ക് 2.25 ശതമാനമായി പലിശനിരക്ക് നിലനിർത്തുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നു. ഒക്ടോബറിലെ പണപ്പെരുപ്പ നിരക്ക് സെൻട്രൽ ബാങ്ക് പ്രതീക്ഷിച്ചതിലും ശക്തമായെങ്കിലും, മൊത്തത്തിലുള്ള പണപ്പെരുപ്പം ഏകദേശം 2.5 ശതമാനത്തിൽ തുടരുന്നതിനാൽ, പലിശനിരക്ക് നിലനിർത്താനാണ് സാധ്യതയെന്ന് Ratehub.ca മോർഗെജ് വിദഗ്ദ്ധനായ പെനലോപ്പ് ഗ്രഹാം പറയുന്നു.

മോർഗെജ് നിരക്കുകളുടെ കാര്യത്തിൽ, സമീപഭാവിയിൽ വേരിയബിൾ മോർഗെജ് നിരക്കുകൾ കുറയാൻ സാധ്യതയില്ലെന്ന് ഗ്രഹാം പറഞ്ഞു. 2022 ന് ശേഷമുള്ള ഏറ്റവും മികച്ച നിരക്കാണ് നിലവിലെ വേരിയബിൾ റേറ്റ് വിലനിർണ്ണയമെന്നും അഞ്ച് വർഷത്തെ കാലാവധി 3.45% വരെ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം രാജ്യത്തുടനീളമുള്ള ഭവന വിപണി കഴിഞ്ഞ വർഷത്തെ നിലവാരത്തേക്കാൾ പിന്നിലാണെങ്കിലും, പലിശനിരക്ക് കുറയ്ക്കാൻ ആരംഭിച്ചതോടെ വീടുകളുടെ വിൽപ്പനയിൽ മാറ്റം കണ്ടുവരുന്നുണ്ടെന്നും പെനലോപ്പ് ഗ്രഹാം സൂചിപ്പിച്ചു.

2.4% ആയി ഉയർന്ന പണപ്പെരുപ്പവും, 7.1% എന്ന ഉയർന്ന തൊഴിലില്ലായ്മ നിരക്കും അടക്കമുള്ള സാമ്പത്തിക ദുർബലതകൾ പരിഹരിക്കാൻ സെപ്റ്റംബറിൽ ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് 2.75 ൽ നിന്ന് 2.5 ശതമാനമായി കുറച്ചിരുന്നു. മാർച്ച് മുതൽ തുടർച്ചയായി മൂന്ന് തവണ നിരക്ക് നിലനിർത്തിയതിന് ശേഷമാണ് വെട്ടിക്കുറക്കൽ ഉണ്ടായത്. തുടർന്ന് ഒക്ടോബറിൽ സെൻട്രൽ ബാങ്ക് പ്രധാന പലിശ നിരക്ക് 2.5 ശതമാനത്തിൽ നിന്ന് 2.25 ശതമാനമായി കുറച്ചു.
