കിച്ചനർ: വാട്ടർലൂ റീജിയനിൽ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലോ തെരുവുകളിലോ കഴിയേണ്ടി വരുന്ന ആളുകൾക്കായി നവീകരിച്ച കിച്ചനറിൽ സ്ത്രീകൾക്കും ലിംഗ വൈവിധ്യമുള്ളവർക്കുമായി അടിയന്തര അഭയകേന്ദ്രം തുറന്നു. കിച്ചനർ ഡൗൺടൗണിലെ 84 ഫ്രെഡറിക് സ്ട്രീറ്റിലാണ് ഈ അഭയകേന്ദ്രമുള്ളത്. കഴിഞ്ഞ വേനൽക്കാലത്ത് വാട്ടർലൂ റീജിയനിൽ വാങ്ങിയ ഈ കെട്ടിടം, നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം അടിയന്തര ഷെൽട്ടറായും, താൽക്കാലിക താമസകേന്ദ്രമായും മാറ്റുകയായിരുന്നു. ഈ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല സർവീസസ് ആൻഡ് ഹൗസിംഗ് ഇൻ ദ പ്രൊവിൻസ് എന്ന സ്ഥാപനത്തിനാണ്. നവീകരണ പ്രവർത്തനങ്ങളിലൂടെ 44 അധിക താമസ സൗകര്യങ്ങളാണ് ഈ കെട്ടിടത്തിൽ കൂട്ടിച്ചേർത്തത്. ഇതോടെ മൊത്തം 66 പേർക്ക് ഇവിടെ താമസിക്കാനാകും. ഭക്ഷണം, വസ്‌ത്രം, അടിയന്തിര താമസ സൗകര്യം എന്നിവ ഇവിടെ നൽകും. അതോടൊപ്പം മാനസികാരോഗ്യപിന്തുണ, ലഹരിമുക്തി, ജീവിത നൈപുണ്യ വികസനം, ജോലിയോ, വിദ്യാഭ്യാസം നേടുന്നതിനോ ഉള്ള സഹായം എന്നിവ ഉൾപ്പെടുന്ന സമഗ്രമായ സഹായ പദ്ധതികളും ഈ കേന്ദ്രത്തിൽ ലഭ്യമാണ്.

സ്ത്രീകൾക്കും ലിംഗ വൈവിധ്യമുള്ള വ്യക്തികൾക്കും സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്നതിനൊപ്പം സ്ഥിരമായ പാർപ്പിടമെന്ന ആവശ്യവും നിർവഹിക്കുമെന്ന് SHIP-ന്റെ ആക്ടിംഗ് സി.ഇ.ഒ തോമസ് ഡികാർലോ പറഞ്ഞു. ഫ്രെഡറിക് സ്ട്രീറ്റ് പോലുള്ള കേന്ദ്രങ്ങളില്ലെങ്കിൽ പല സ്ത്രീകളും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലേക്ക് മടങ്ങാനോ, ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറാനോ നിർബന്ധിതരാകുമെന്ന് തോമസ് ഡികാർലോ കൂട്ടിച്ചേർത്തു. ഈ കെട്ടിടത്തിന്റെ നവീകരണത്തിനായി മുനിസിപ്പാലിറ്റിയിൽ നിന്ന് 12.5 മില്യൺ ഡോളറും ഫെഡറൽ ഗവൺമെന്റിൽ നിന്ന് 5.4 മില്യൺ ഡോളറും ചെലവഴിച്ചിരുന്നു. ഒക്ടോബറിൽ തുടങ്ങിയ YWCA കേംബ്രിഡ്ജ് ഉൾപ്പെടെയുള്ള മറ്റ് അഭയകേന്ദ്രങ്ങൾ ഇതിനകം തന്നെ ആളുകളെ ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ 84 ഫ്രെഡറിക് സ്ട്രീറ്റിലെ അധിക സൗകര്യം ഈ മേഖലയിലെ ഭവനരഹിതരുടെ എണ്ണം കുറയ്ക്കാൻ സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
