ടോക്കിയോ/ലോസ് ഏഞ്ചൽസ്: പ്രശസ്ത അമേരിക്കൻ പോപ് താരം കാറ്റി പെറി, കാനഡയുടെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായുള്ള ബന്ധം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇരുവരും ഒരുമിച്ചുള്ള റൊമാന്റിക് ചിത്രങ്ങളും വീഡിയോകളുമാണ് ശനിയാഴ്ച കാറ്റി പെറി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. “ടൂർ സമയത്തെ ടോക്കിയോ നിമിഷങ്ങൾ” എന്ന അടിക്കുറിപ്പോടെയാണ് 41 വയസ്സുകാരിയായ പെറി ചിത്രങ്ങൾ പങ്കുവെച്ചത്. മനോഹരമായ പ്രകൃതിദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ ട്രൂഡോ എടുത്ത സെൽഫിയും, അത്താഴ സമയത്ത് അടുത്തടുത്ത് ഇരിക്കുന്ന വീഡിയോ ക്ലിപ്പുകളും പോസ്റ്റിലുണ്ട്.

സുഷി കഴിക്കാൻ ശ്രമിക്കുന്ന കാറ്റിയെ, 53 വയസ്സുകാരനായ ട്രൂഡോ കൈകൊണ്ട് കസേരയിൽ ചുറ്റിപ്പിടിച്ച് നോക്കുന്ന രംഗമാണ് വീഡിയോയിലുള്ളത്. ഈ ആഴ്ച ആദ്യം മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായും അദ്ദേഹത്തിന്റെ ഭാര്യയുമായും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കണ്ടുമുട്ടലിൻ്റെ ചിത്രം പങ്കുവെച്ചുകൊണ്ട് കിഷിദ, കാറ്റി പെറിയെ ട്രൂഡോയുടെ പങ്കാളി എന്നാണ് വിശേഷിപ്പിച്ചത്. മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ തന്റെ പങ്കാളിയോടൊപ്പം ജപ്പാൻ സന്ദർശിക്കുകയും തങ്ങളുടെ ഉച്ചഭക്ഷണം കഴിച്ചെന്നുമായിരുന്നു കിഷിദയുടെ കുറിപ്പ്. “ഫ്യൂമിയോ, നിങ്ങളുടെ സൗഹൃദത്തിനും അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യവസ്ഥിതിയോടുള്ള നിങ്ങളുടെ പ്രതിബദ്ധതയ്ക്കും നന്ദി.

നിങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ അവസരം ലഭിച്ചതിൽ കാറ്റിക്കും എനിക്കും അതിയായ സന്തോഷമുണ്ട്,”എന്നായിരുന്നു ട്രൂഡോയുടെ മറുപടി. കഴിഞ്ഞ ജൂലൈയിൽ മൺട്രിയോളിൽ നടന്ന ഒരു അത്താഴത്തിനിടെയായിരുന്നു കാറ്റി പെറിയും ട്രൂഡോയും തമ്മിലുള്ള ഡേറ്റിംഗ് അഭ്യൂഹങ്ങൾ വാർത്തയായത്. പിന്നീട് കാലിഫോർണിയയിലെ സാന്റാ ബാർബറ തീരത്തുള്ള ഒരു യാട്ടിൽ വെച്ച് ഇരുവരും ചുംബിക്കുന്ന ചിത്രം വൈറലായി. ഒക്ടോബറിൽ കാറ്റി പെറിയുടെ 41-ാം ജന്മദിനം പാരീസിൽ വച്ച് ആഘോഷിച്ചപ്പോൾ ഇരുവരും കൈകോർത്ത് നടക്കുന്ന ചിത്രവും കൗതുകത്തോടെ ലോകം കണ്ടു. ട്രൂഡോ 2023-ൽ 18 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഭാര്യ സോഫി ഗ്രെഗോയറുമായി വേർപിരിഞ്ഞതായി പ്രഖ്യാപിച്ചിരുന്നു. കാറ്റി പെറി 2025-ന്റെ തുടക്കത്തിൽ നടൻ ഓർലാൻഡോ ബ്ലൂമിൽ നിന്ന് വേർപിരിഞ്ഞു.
