ടൊറൻ്റോ : പ്രവിശ്യയിലുടനീളം ഭവനരഹിതരും മയക്കുമരുന്ന് കള്ളക്കടത്തും വർധിക്കുന്ന സാഹചര്യത്തിൽ സാമൂഹ്യ സുരക്ഷ ഉറപ്പാക്കാൻ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഒൻ്റാരിയോ ബിഗ് സിറ്റി മേയർമാർ. പ്രവിശ്യയിലെ 29 വലിയ നഗരങ്ങളിലെ മേയർമാർ വെള്ളിയാഴ്ച ഏകകണ്ഠമായി പാസാക്കിയ ഒരു പ്രമേയത്തിൽ, ഈ പ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ ധനസഹായം നൽകണമെന്നും പ്രവിശ്യാ സർക്കാർ കൂടുതൽ സജീവമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.

അടുത്ത 10 വർഷത്തിനുള്ളിൽ ഭവനരഹിതർക്കായി 1,100 കോടി ഡോളർ നിക്ഷേപിക്കേണ്ടതുണ്ടെന്ന് മേയർമാരുടെ കോക്കസ് പറയുന്നു. പ്രവിശ്യാ ഗവൺമെൻ്റിൽ നിന്ന് മുനിസിപ്പാലിറ്റികൾക്കു പിന്തുണ ലഭിച്ചിട്ടുണ്ടെങ്കിലും, നിലവിലെ പ്രതിസന്ധിയെ നേരിടാൻ അത് പര്യാപ്തമല്ല, ടൊറൻ്റോ ഡെപ്യൂട്ടി മേയർ പോൾ ഐൻസ്ലി പറഞ്ഞു. മുനിസിപ്പാലിറ്റികൾക്ക് ഈ പ്രതിസന്ധി ഒറ്റയ്ക്ക് പരിഹരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഭവനരഹിതരെ സഹായിക്കാൻ പ്രവിശ്യ ഇതിനകം തന്നെ വലിയ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെന്ന് മുനിസിപ്പൽ കാര്യ, ഭവന മന്ത്രിയുടെ വക്താവ് മൈക്കൽ മിൻസാക് പറയുന്നു. ഭവനരഹിതർക്കുള്ള പ്രതിരോധ പരിപാടി ഉൾപ്പെടെ, മുനിസിപ്പാലിറ്റികൾക്ക് നൽകിയ 170 കോടി ഡോളറിന് പുറമേ, കൂടുതൽ വീടുകളും ഷെൽട്ടറുകളും നിർമ്മിക്കുന്നതിനായി ഒൻ്റാരിയോ സർക്കാർ ഏഴു കോടി 75 ലക്ഷം ഡോളർ നിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
