Friday, March 13, 2026

കാനഡയിൽ കുടിയേറ്റ വിരുദ്ധ വികാരം ശക്തിപ്പെടുന്നു; ഭവന പ്രതിസന്ധിയിൽ അസ്വസ്ഥരായി യുവജനത

ഓട്ടവ: കാനഡയിലേക്കുള്ള കുടിയേറ്റത്തെക്കുറിച്ചുള്ള പൊതുജനാഭിപ്രായത്തിൽ കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും വലിയ മാറ്റം രേഖപ്പെടുത്തിയതായി പുതിയ പഠനം. രാജ്യത്തെ ഭവനപ്രതിസന്ധിയുമായി ബന്ധപ്പെടുത്തി, പുതിയ കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിനെതിരെയാണ്‌ പൊതുവികാരം. പ്രധാനമായും യുവ കനേഡിയൻ പൗരന്മാർക്കിടയിൽ വ്യാപിക്കുന്ന അസ്വസ്ഥതകളെ തുടർന്നാണ്‌ ഈ മാറ്റം. കാനഡയിലെ ഫെഡറേഷൻ എക്‌സലൻസ് സെന്റർ ഫോർ റിസർച്ച് ഓൺ പബ്ലിക് പോളിസി പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. 40 വർഷത്തിലേറെയായി എൻവയറോണിക്സ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സർവേകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്‌. സഹിഷ്ണുതയും കുടിയേറ്റ അനുകൂല മനോഭാവവും പുലർത്തുന്ന രാജ്യമാണ്‌ കാനഡ എന്ന പ്രതിച്ഛായ നിലനിൽക്കുമ്പോഴും, 2023-24 വർഷത്തിൽ കുടിയേറ്റത്തോടുള്ള എതിർപ്പ് അതിവേഗം വർദ്ധിച്ചതായി പഠനം പറയുന്നു. 1970-കളുടെ അവസാനം മുതൽ കണ്ടുവരുന്നതിൽ വച്ച് ഏറ്റവും ശക്തമായ വികാരമാണിത്. കുടിയേറ്റത്തോടുള്ള മനോഭാവത്തിൽ ഏറ്റവും ശ്രദ്ധേയമായ മാറ്റം കണ്ടത് യുവതലമുറയിലാണ്. പരമ്പരാഗതമായി മുതിർന്ന കനേഡിയൻ പൗരന്മാരായിരുന്നു കുടിയേറ്റത്തോട് നേരത്തെ കൂടുതൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നത്. എന്നാൽ ഏറ്റവും പുതിയ സർവേകളിൽ, യുവാക്കളാണ്‌ ഇപ്പോൾ എതിർപ്പ്‌ കാണിക്കുന്നത്‌.

കാനഡയിൽ വീട്ടുവാടക കുതിച്ചുയരുന്നതും വീട് സ്വന്തമാക്കാനുള്ള സാധ്യതകൾ കുറയുന്നതുമാണ് യുവാക്കളെ കുടിയേറ്റ വിരുദ്ധ മനോഭാവത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകം. ഈ പ്രതിസന്ധി യുവജനങ്ങളെയാണ് കൂടുതലായി ബാധിക്കുന്നതെന്ന്‌ അവർ കരുതുന്നു. മാധ്യമ റിപ്പോർട്ടുകളും രാഷ്ട്രീയക്കാരുടെ പ്രസ്താവനകളും ചേർന്ന്, കുടിയേറ്റവും തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും തമ്മിൽ ബന്ധമുണ്ടെന്നാണ്‌ കൂടുതൽ പേരും വിശ്വസിക്കുന്നത്‌. പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി, പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് കുതിച്ചുയർന്ന താൽക്കാലിക കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. 2023 അവസാനത്തോടെ തന്നെ താൽക്കാലിക കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കാൻ സർക്കാർ നീക്കങ്ങൾ തുടങ്ങിയിരുന്നു. കഴിഞ്ഞ നവംബറിൽ പാർലമെന്റിൽ അവതരിപ്പിച്ച ലെവൽസ് പ്ലാനിൽ, താൽക്കാലിക താമസക്കാരുടെ എണ്ണത്തിൽ ഏകദേശം 43 ശതമാനം വെട്ടിക്കുറയ്ക്കാൻ ലക്ഷ്യമിടുന്നതായും സർക്കാർ പ്രഖ്യാപിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!