നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം വഴിതെറ്റിക്കാനും അട്ടിമറിക്കാനും പ്രതിയായ ദിലീപ് വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ് നിര്‍മ്മിച്ചുവെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ വിധി വരാനിരിക്കെയാണ് അന്വേഷണസംഘം ഈ ഗുരുതര കണ്ടെത്തല്‍ കോടതിയില്‍ അറിയിച്ചത്.
ദിലീപിനെ പൂട്ടണം എന്നായിരുന്നു വാട്‌സാപ്പ് ഗ്രൂപ്പിന്റെ പേര്. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ഇത്. മഞ്ജു വാര്യരുടെയും, എഡിജിപി ബി.സന്ധ്യയുടെയും വ്യാജ പ്രൊഫൈലുകള്‍ ഉള്‍പ്പെടുത്തിയായിരുന്നു ഗ്രൂപ്പ്.

തനിക്കെതിരെ ചിലര്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ദിലീപിന്റെ ശ്രമമെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. താന്‍ കേസില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ടതാണെന്ന വാദം ബലപ്പെടുത്താനാണ് ഈ വ്യാജ ഗ്രൂപ്പ് ഉണ്ടാക്കിയതെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. ഗ്രൂപ്പിലെ പരസ്പരമുള്ള ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കമുള്ള തെളിവുകള്‍ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
കേസില്‍ നാളെയാണ് വിധി വരുന്നത്. ഏഴര വര്‍ഷത്തെ വിചാരണയ്ക്ക് ഒടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ നാളെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. കേസില്‍ ആകെ 10 പ്രതികള്‍. ബലാല്‍സംഗ കൊട്ടേഷന് ഗൂഢാലോചന നടത്തിയത് 8-ാം പ്രതി ദിലീപ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഒന്നാം പ്രതി പള്‍സര്‍ സുനിയ്ക്ക് ഒന്നര കോടിയുടെ കൊട്ടേഷനാണ് ദിലീപ് നല്‍കിയത്.
