Monday, March 2, 2026

കണ്ണില്‍ ചോരയില്ലാത്ത ആക്രമണം; സുഡാനിലെ ഡ്രോണ്‍ ആക്രമണത്തില്‍ വിമര്‍ശനം ശക്തമാകുന്നു

ഖാര്‍ത്തും: സുഡാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ 33 നഴ്സറി കുട്ടികള്‍ ഉള്‍പ്പെടെ 50 പേര്‍ കൊല്ലപ്പെട്ടതില്‍ ആഗോളതലത്തില്‍ വിമര്‍ശനം ശക്തമാകുന്നു. കണ്ണില്‍ ചോരയില്ലാത്ത ആക്രമണമെന്നാണ് വിവിധ ലോകനേതാക്കളും യുണിസെഫുമടക്കം പ്രതികരിച്ചത്. വടക്കന്‍ സുഡാനിലെ വൈറ്റ് നൈല്‍ സംസ്ഥാനത്തെ ഒരു നഴ്സറി സ്‌കൂളിന് നേരെയാണ് റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍ എസ് എഫ്) ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് സുഡാന്‍ സര്‍ക്കാരും സൈന്യവും ആരോപിച്ചു.

ആക്രമണത്തില്‍ 33 നഴ്‌സറി കുട്ടികളും 17 മുതിര്‍ന്നവരും കൊല്ലപ്പെട്ടു. നിരവധി കുട്ടികള്‍ക്കടക്കം ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നതിനാല്‍ മരണ സംഖ്യ ഉയരുമോയെന്ന് ആശങ്കയുണ്ട്. സാധാരണക്കാര്‍ക്ക് നേരെയുള്ള കൊടും ക്രൂരത റാപ്പിഡ് ഫോഴ്സ് അവസാനിപ്പിക്കണമെന്ന് സൈന്യും സര്‍ക്കാരും ആവശ്യപ്പെട്ടു.

ജനറല്‍ അബ്ദെല്‍ ഫത്താഹ് അല്‍-ബുര്‍ഹാന്‍ നയിക്കുന്ന സൈന്യവും (SAF) ജനറല്‍ മുഹമ്മദ് ഹംദാന്‍ ഡഗാലോ (ഹെമെദ്തി) നയിക്കുന്ന ആര്‍എസ്എഫും തമ്മില്‍ അധികാരത്തിനുവേണ്ടി 2023 ഏപ്രിലില്‍ ആരംഭിച്ച പോരാട്ടം രൂക്ഷമായി തുടരുകയാണ്.
സംഘര്‍ഷം മൂലം 12 ദശലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്തു. അല്‍ ഫാഷര്‍ നഗരം പിടിച്ചെടുത്തതിന് പിന്നാലെ ആര്‍എസ്എഫ് കൊടിയ ക്രൂരതകള്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സാധാരണ ജനങ്ങള്‍ക്കെതിരെ ഇരുവിഭാഗവും വ്യാപക അതിക്രമങ്ങള്‍ നടത്തുന്നുണ്ട്. പുരുഷന്മാരെ മാറ്റിനിര്‍ത്തി വെടിവെക്കുകയും സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. മിക്ക പ്രദേശങ്ങളിലും പട്ടിണി രൂക്ഷമാണ്. രാജ്യത്തെ ആരോഗ്യ സംവിധാനം പൂര്‍ണമായി തകര്‍ന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!