ന്യൂഡൽഹി: തുടരെ വിമാന സർവീസുകൾ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഡി.ജി.സി.എയുടെ കാരണം കാണിക്കൽ നോട്ടീസിന് ഇൻഡിഗോ സി.ഇ.ഒ ഇന്ന് മറുപടി നൽകും. ശനിയാഴ്ചയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എയർലൈനിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പീറ്റർ എൽബേഴ്‌സിനും, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഇസിദ്രെ പോർക്വേരസിനും കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. വ്യോമയാന നിയമങ്ങൾ ലംഘിക്കപ്പെട്ടെന്നും ആസൂത്രണത്തിലും, വിഭവ ഉപയോഗത്തിലും വീഴ്ചയുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് ഡി.ജി.സി.എ നോട്ടീസ് പുറപ്പെടുവിച്ചത്. ഇരുവർക്കുമെതിരെ നടപടിയെടുക്കാതിരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ 24 മണിക്കൂറിനകം അറിയിക്കാനാണ് നോട്ടീസിലെ നിർദേശം.

കമ്പനി മേധാവി തന്റ ഉത്തരവാദിത്തങ്ങൾ നിറവേറ്റിയില്ല. യാത്രക്കാർക്ക് വലിയ ക്ലേശം കമ്പനി കാരണമുണ്ടായെന്നും നോട്ടീസിൽ പറയുന്നുണ്ട്. ഇൻഡിഗോ പ്രതിസന്ധിയിൽ കർശന നടപടിയെടുക്കാത്തതിൽ ഡി.ജി.സി.എക്കും സിവിൽ വ്യോമയാന വകുപ്പിനുമെതിരെ രൂക്ഷവിമർശനം ഉയർന്നതിന് പിന്നാലെയാണ് ശനിയാഴ്ച കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. വിമാനങ്ങൾ തുടർച്ചയായി റദ്ദാക്കപ്പെട്ടതിനെ തുടർന്ന് യാത്രാപ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ഡി.ജി.സി.എ, വെള്ളിയാഴ്ച മൂന്നംഗ അന്വേഷണ സമിതി രൂപീകരിച്ചിരുന്നു. വിഷയം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ച സമിതിക്ക് അനുവദിച്ചിട്ടുണ്ട്.
