Monday, March 2, 2026

ഗോവ നിശാക്ലബിലെ തീപിടുത്തം: മരണം 25

ഗോവയിലെ നിശാക്ലബിലുണ്ടായ തീപിടുത്തത്തില്‍ മരണം 25 ആയി. മരിച്ചവരില്‍ അധികവും പ്രശസ്തമായ ബീച്ചിന് സമീപമുള്ള ‘ബിര്‍ച്ച് ബൈ റോമിയോ ലെയ്ന്‍’ (Birch by Romeo Lane) നൈറ്റ്ക്ലബ്ബിലെ ജീവനക്കാരാണെന്നാണ് പ്രാഥമിക നിഗമനം. വിദേശികളടക്കമുള്ള വിനോദസഞ്ചാരികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ക്ലബ്ബില്‍ തീപിടിത്തമുണ്ടായത്. അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീ പടര്‍ന്നതെന്നാണ് പോലീസിന്റെ നിഗമനം.
തീപിടിത്തം പ്രധാനമായും ക്ലബ്ബിന്റെ താഴത്തെ നിലയിലെ അടുക്കള ഭാഗത്താണ് കേന്ദ്രീകരിച്ചിരുന്നത്. മരിച്ചവരുടെ മൃതദേഹങ്ങളില്‍ ഭൂരിഭാഗവും അടുക്കളയ്ക്ക് സമീപത്തുനിന്നാണ് കണ്ടെത്തിയത്. ഇത് അപകടത്തില്‍പ്പെട്ടവര്‍ ക്ലബ്ബിലെ ജീവനക്കാരായിരുന്നു എന്നതിലേക്ക് വിരല്‍ചൂണ്ടുന്നുവെന്ന് ഗോവ ഡിജിപി അലോക് കുമാര്‍ അറിയിച്ചു.

തീപിടിത്തത്തില്‍ മൂന്നുപേര്‍ പൊള്ളലേറ്റാണ് മരിച്ചതെന്നും, മറ്റുള്ളവര്‍ ശ്വാസംമുട്ടിയാണ് മരിച്ചതെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് മാധ്യമങ്ങളോട് പറഞ്ഞു. മരിച്ചവരില്‍ വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നുവെങ്കിലും ഇവരുടെ പ്രായമോ രാജ്യങ്ങളോ അദ്ദേഹം വെളിപ്പെടുത്തിയില്ല. ആറുപേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. ‘ഉത്തരവാദികളെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ നിയമപ്രകാരം കര്‍ശന നടപടിയെടുക്കും. ഒരു അലംഭാവവും വെച്ചുപൊറുപ്പിക്കില്ല,’ അദ്ദേഹം പറഞ്ഞു. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ‘ഗോവയിലെ തീപിടിത്തം അത്യന്തം ദുഃഖകരമാണ്,’ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!