ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ സന്ദര്‍ശനത്തിന് പിന്നാലെ, യുക്രൈന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് സൂചന. ഇന്ത്യ-യുക്രൈന് നയതന്ത്ര ഉദ്യോഗസ്ഥ തലത്തിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായും വിവരമുണ്ട്. യുക്രൈനിലെ സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തിരുന്നു.
അതേസമയം 2030 വരെ ലക്ഷ്യമിട്ടുള്ള സാമ്പത്തിക സഹകരണത്തിനുള്ള സമഗ്ര പദ്ധതികള്‍ക്ക് ഇന്ത്യയും റഷ്യയും ഒപ്പുവെച്ചു. ആരോഗ്യ, ഭക്ഷ്യസുരക്ഷ, വ്യവസായം, കൃഷി, കുടിയേറ്റം തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷി ബന്ധം ശക്തമാക്കുന്ന എട്ട് ധാരണാപത്രങ്ങളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. അമേരിക്കയുടെ ഉപരോധങ്ങള്‍ക്കിടയിലും ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഗോള വെല്ലുവിളികളെ നേരിടാന്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു.

2030 ഓടെ 100 ബില്യണ്‍ ഡോളര്‍ വ്യാപാരമാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. യൂറിയ ഉത്പാദനം, കപ്പല്‍ നിര്‍മ്മാണ കരാറുകള്‍ എന്നിവയില്‍ ഇന്ത്യ റഷ്യയുമായി സഹകരിക്കും. ഇന്ത്യയ്ക്ക് തടസ്സമില്ലാതെ ഊര്‍ജ്ജവിതരണം ഉറപ്പാക്കാന്‍ റഷ്യ സന്നദ്ധത അറിയിച്ചു. ഇന്ത്യയില്‍ റഷ്യ രണ്ട് പുതിയ കോണ്‍സലേറ്റുകള്‍ തുറക്കും. റഷ്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഇന്ത്യയില്‍ 30 ദിവസത്തെ സൗജന്യ ഇ-വിസ ടൂറിസ്റ്റ് സൗകര്യം ഏര്‍പ്പെടുത്തും. ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കും.
പ്രധാനമന്ത്രി മോദിയെ തന്റെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച വ്ളാഡിമിര്‍ പുടിന്, റഷ്യന്‍ പ്രതിനിധി സംഘത്തിന് ഇന്ത്യ നല്കിയ ആതിഥേയത്വത്തിന് നന്ദി അറിയിച്ചു. ഈ നിര്‍ണായക നീക്കങ്ങള്‍ ഇന്ത്യയുടെ വിദേശനയത്തില്‍ റഷ്യയുടെയും യുക്രൈന്റെയും വിഷയങ്ങളില്‍ ഒരുപോലെ പ്രാധാന്യം നല്കുന്ന സമീപനമാണ് വ്യക്തമാക്കുന്നത്.
