ഓട്ടവ: അവധിക്കാലത്തിന് മുന്നോടിയായി പ്ലാസ്മാ ദാനം വർധിപ്പിക്കാൻ ആഹ്വാനം ചെയ്ത് കനേഡിയൻ ബ്ലഡ് സർവീസസ് (CBS). കാൻസർ ചികിത്സ, ശസ്ത്രക്രിയ എന്നിവയ്ക്ക് ഉൾപ്പെടെ ആശുപത്രികളിൽ പ്ലാസ്മയുടെ ആവശ്യകത വർദ്ധിച്ചുവരുന്നതിനാലാണ് ഈ ആഹ്വാനം. വർഷം മുഴുവനും രോഗികൾക്ക് പ്ലാസ്മ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് സിബിഎസ് കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് മാനേജർ ജാൻ ഗ്രാൻ്റ് അറിയിച്ചു.

പ്ലാസ്മാ ദാനം രക്തദാനം പോലെ ലളിതമാണെന്നും രക്തദാനത്തിനായി എടുക്കുന്ന സമയത്തേക്കാൾ കുറവ് സമയം മാത്രമേ അധികമായി ആവശ്യമുള്ളൂവെന്നും അദ്ദേഹം സൂചിപ്പിച്ചു. അവധിക്കാലത്ത് സ്ഥിരം ദാതാക്കൾ കുറവായതിനാൽ പുതിയ ദാതാക്കൾ മുന്നോട്ട് വരണമെന്ന് ഗ്രാൻ്റ് അഭ്യർത്ഥിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്ലാസ്മയുടെ ആവശ്യം 50% വർദ്ധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ആവശ്യം നിറവേറ്റാൻ സിബിഎസിന് പത്തു ലക്ഷം പുതിയ പ്ലാസ്മാ ദാതാക്കളെ ഇനിയും ആവശ്യമുണ്ടെന്നും ഗ്രാന്റ് കൂട്ടിച്ചേർത്തു.
