കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം.വർഗീസ് വെറുതേ വിട്ടു. ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. അതേസമയം, കേസിൽ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞിട്ടുണ്ട്. ശിക്ഷാവിധി ഡിസംബർ 12-ന് പ്രഖ്യാപിക്കും.
2017 ഫെബ്രുവരി 17-ന് അങ്കമാലിയിൽ വെച്ച് വാഹനത്തിൽ അതിക്രമിച്ചു കയറി നടിയെ പീഡിപ്പിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു എന്ന കേസിൽ എട്ടു വർഷത്തിനു ശേഷമാണ് അന്തിമ വിധി വന്നത്. എൻ.എസ്.സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം (വടിവാൾ സലീം), പ്രദീപ് എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾ. ബലാത്സംഗം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ, അന്യായ തടങ്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.

കേസിൻ്റെ വിചാരണ നടപടികൾ പൂർത്തിയാക്കാൻ 438 ദിവസമാണ് കോടതി എടുത്തത്. ഇതിൽ പ്രമുഖ നടീനടന്മാരും സംവിധായകരും ഉൾപ്പെടെ 261 സാക്ഷികളെ വിസ്തരിച്ചു. സിനിമ മേഖലയിൽ നിന്നുള്ള ദിലീപിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമുൾപ്പെടെ 28 പേർ വിചാരണയ്ക്കിടെ മൊഴിമാറ്റിയിരുന്നു. പ്രോസിക്യൂഷൻ ഹാജരാക്കിയ 833 രേഖകളും ഫൊറൻസിക് റിപ്പോർട്ടുകളും പ്രതിഭാഗത്തിന്റെ വാദങ്ങളും സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്.
