ഗാസ സിറ്റി: പ്രാഥമിക ഘട്ടത്തിലുള്ള വെടിനിർത്തൽ നടപ്പാക്കുന്നതിന് നിരായുധീകരണം ചർച്ച ചെയ്യാൻ ഒരുക്കമാണെന്ന് ഹമാസ്. കൈവശമുള്ള ആയുധങ്ങൾ എന്തു ചെയ്യണമെന്നതു സംബന്ധിച്ച് തുറന്ന മനസ്സാണുള്ളതെന്ന് ഹമാസ് നേതാവ് ബാസിം നഈം പറഞ്ഞു. നശിപ്പിക്കുകയോ സൂക്ഷിച്ചുവെക്കലോ കൈമാറലോ എന്തുമായാലും പലസ്തീൻ ഉപാധികൾ പാലിച്ചാകണം അതെന്നും വെടിനിർത്തൽ കാലത്ത് ഒരിക്കൽ പോലും ഉപയോഗിക്കാതിരിക്കലുമാകാമെന്നും നഈം പറഞ്ഞു. അസോസിയേറ്റഡ് പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. യു.എസ് നേതൃത്വത്തിൽ പ്രഖ്യാപിച്ച വെടിനിർത്തൽ പ്രകാരം ഹമാസ് കൈവശം വയ്ക്കുന്ന ആയുധങ്ങൾ അന്താരാഷ്ട്ര നിരീക്ഷകർക്ക് കൈമാറണം. 20 ഇന വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിലെ സുപ്രധാന വിഷയമാണ് ഹമാസ് നിരായുധീകരണം. അതേ സമയം വെടിനിർത്തൽ രണ്ടാംഘട്ടം ആരംഭിക്കുന്നതിന് അരികെയാണെന്ന് കഴിഞ്ഞദിവസം ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞെങ്കിലും വിഷയത്തിൽ വ്യക്തത കൈവന്നില്ല.

കരാറിലെ പ്രധാന നിർദേശമായ ഗാസയിലെ അന്താരാഷ്ട്ര സേനയിൽ പങ്കാളികളാകുന്ന രാജ്യങ്ങൾ ആരൊക്കെയെന്നതുൾപ്പെടെ വിഷയങ്ങളിൽ ഇസ്രായേൽ നിർദേശങ്ങൾ അംഗീകരിക്കാൻ ഹമാസ് ഇതുവരെ തയാറായിട്ടില്ല. അന്താരാഷ്ട്ര സേന ആകാമെന്ന് ഹമാസ് അംഗീകരിച്ചപ്പോഴും അവർക്ക് പരിമിത അധികാരമേ ആകാവൂ എന്ന് നിലവിൽ ഭരണ നേതൃത്വം പറഞ്ഞു. വെടിനിർത്തൽ പ്രതിസന്ധിയിലാണെന്ന് ശനിയാഴ്ച ദോഹ ഫോറത്തിൽ ഖത്തർ, ഈജിപ്ത്, നോർവേ രാജ്യങ്ങൾ ആശങ്ക അറിയിച്ചിരുന്നു.
