വിനിപെഗ് : പലചരക്ക് സാധനങ്ങളുടെ വില കുറയ്ക്കുന്നതിന് പുതിയ നിയമം പ്രഖ്യാപിച്ച് മാനിറ്റോബ പ്രീമിയർ വാബ് കിന്യൂ. വിപണിയിലെ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനായി, പുതിയ പലചരക്ക് കടകൾ തുറക്കുന്നത് തടയുന്ന റിയൽ എസ്റ്റേറ്റ് ഉടമ്പടികൾ ഈ നിയമം വഴി നിരോധിച്ചു. കാനഡയിൽ ഇതാദ്യമായി വിപണിയിൽ യഥാർത്ഥ മത്സരം കൊണ്ടുവരുന്നത് മാനിറ്റോബയായിരിക്കുമെന്നും, ഇത് ജനങ്ങൾക്ക് പ്രയോജനകരമാകുമെന്നും പ്രീമിയർ പറഞ്ഞു.

അതേസമയം, പഴയ ഉടമ്പടികളിൽ 46 എണ്ണം നിലനിർത്താൻ കടയുടമകൾ ശ്രമിച്ചു. എന്നാൽ, ഇവയെല്ലാം പൊതുതാത്പര്യത്തിന് വിരുദ്ധമാണോ എന്ന് പരിശോധിച്ച് ചോദ്യം ചെയ്യാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഈ നടപടി വില കുറയ്ക്കുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തുമോ എന്ന കാര്യത്തിൽ ഭക്ഷ്യ സാമ്പത്തിക വിദഗ്ധനായ മൈക്ക് വോൺ മാസോ സംശയം പ്രകടിപ്പിച്ചു. ഇത് ചെറിയ കടകളെയാണ് കൂടുതലും ബാധിക്കുകയെന്നും, വിലക്കയറ്റത്തിന് എളുപ്പമുള്ള പരിഹാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ജനങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കാൻ സർക്കാരിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ ഒന്നാണിതെന്ന് കിന്യൂ അഭിപ്രായപ്പെട്ടു.
