ടൊറന്റോ : ഒന്റാരിയോയിലെ തട്ടിപ്പ് കേസുകളിൽ ഭൂരിഭാഗവും പരാതിക്കാർ പിൻവലിക്കുകയോ കോടതി തള്ളുകയോ ചെയ്യുകയാണെന്ന് റിപ്പോർട്ട്. കോവിഡ് മൂലം കേസുകൾ കെട്ടിക്കിടക്കുന്നതും തട്ടിപ്പുകളുടെ സങ്കീർണ്ണത വർധിക്കുന്നതും ഇതിന് ആക്കം കൂട്ടുന്നതായി ഒന്റാരിയോ ക്രൗൺ അറ്റോർണീസ് അസോസിയേഷൻ (OCAA) അറിയിച്ചു. വിഭവങ്ങളുടെ കുറവ് കാരണം കൊലപാതകം പോലുള്ള കൂടുതൽ ഗുരുതരമായ കേസുകൾക്ക് മുൻഗണന നൽകാൻ പ്രോസിക്യൂട്ടർമാർ നിർബന്ധിതരാവുകയാണെന്നും OCAA പറയുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ തട്ടിപ്പ് കേസുകളുടെ എണ്ണം ഇരട്ടിയിലധികം വർധിച്ചിട്ടുണ്ട് (ഏകദേശം 71,700 ). അതേസമയം, കേസുകൾ കെട്ടിക്കിടക്കുന്നത് പരിഹരിക്കാൻ 50 കോടി ഡോളറിൽ അധിക നിക്ഷേപം നടത്തുമെന്നും കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും സർക്കാർ അറിയിച്ചു.

വിദേശ ക്രിമിനൽ സംഘങ്ങൾ ഉൾപ്പെട്ട തട്ടിപ്പ് കേസുകൾ കൂടുന്നതിനാൽ ഓരോ കേസും വ്യക്തിഗതമായി കൈകാര്യം ചെയ്യുന്നത് പ്രായോഗികമല്ലെന്ന് വിദഗ്ധർ പറയുന്നു. അതിനാൽ, തട്ടിപ്പ് നടത്തുന്ന ക്രിമിനൽ സംഘടനകളെ തകർക്കുന്നതിൽ പൊലീസ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇവർ നിർദ്ദേശിച്ചു. കൂടാതെ, ടെലികോം ഏജൻസികളെയും ധനകാര്യ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി സ്വകാര്യ മേഖലയുടെ സഹായത്തോടെ തട്ടിപ്പുകാർക്ക് ജനങ്ങളിലേക്ക് എത്താനുള്ള വഴികൾ അടയ്ക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും. 2024-ൽ കാനഡയിൽ തട്ടിപ്പിലൂടെ 54 കോടി ഡോളറിലധികം നഷ്ടമായതായാണ് കണക്ക്.
