സെന്റ് ജോൺസ് : യുഎസ്-കാനഡ വ്യാപാര തർക്കങ്ങളെ തുടർന്ന് നീക്കം ചെയ്ത യുഎസ് മദ്യ ശേഖരം വിറ്റഴിക്കുന്നതിൽ തീരുമാനമെടുക്കാതെ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ. ശേഖരത്തിൽ വിൽക്കാതെയുള്ള യുഎസ് മദ്യം വിറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം നൽകാൻ മറ്റ് പ്രവിശ്യകൾ തീരുമാനിച്ചെങ്കിലും, ന്യൂഫിൻലൻഡ് സർക്കാർ അന്തിമ നിലപാട് എടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്. അതേസമയം, യുഎസ് ഉൽപ്പന്നങ്ങൾ നീക്കം ചെയ്തതിനെത്തുടർന്ന് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ ലിക്വർ കോർപ്പറേഷൻ്റെ വരുമാനം 6.2% കുറഞ്ഞതായി റിപ്പോർട്ടുണ്ട്. കുറഞ്ഞ വിലയിലുള്ള മറ്റ് രാജ്യങ്ങളിലെ വൈനുകളിലേക്ക് ഉപഭോക്താക്കൾ മാറിയതാണ് ഈ ഇടിവിന് പ്രധാന കാരണം. 32 ലക്ഷം ഡോളർ മൂല്യമുള്ള യുഎസ് മദ്യ ശേഖരമാണ് പ്രവിശ്യയുടെ കൈവശമുള്ളത്.

നോവസ്കോഷയിൽ ഡിസംബർ മുതൽ യുഎസ് മദ്യ വിതരണം ആരംഭിച്ചിരുന്നു. ന്യൂബ്രൺസ്വിക്ക്, മാനിറ്റോബ തുടങ്ങിയ പ്രവിശ്യകളും നീക്കം ചെയ്ത യുഎസ് മദ്യ ശേഖരം വിറ്റഴിക്കാനും അതിലൂടെ ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകാനും തീരുമാനമെടുത്തിരുന്നു. അതേസമയം, ക്രിസ്മസ് ഈവ് വരെ മാത്രം വിതരണം ചെയ്യാനാണ് മാനിറ്റോബയുടെ പദ്ധതി.
