മുംബൈ : നടൻ സൽമാൻ ഖാനുമായി വേദി പങ്കിട്ടാൽ വകവരുത്തുമെന്ന് ഭോജ്പുരി താരം പവൻ സിങ്ങിന് ലോറൻസ് ബിഷ്ണോയ് ഗുണ്ടാസംഘത്തിന്റെ ഭീഷണി. സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മുൻ മത്സരാർത്ഥിയാണ് പവൻ സിങ്. ബിഷ്ണോയ് സംഘവുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട ഒരാളിൽ നിന്ന് ഭീഷണി കോൾ വന്നതായി ചൂണ്ടിക്കാട്ടി, സിങ്ങിന്റെ മാനേജർ മുംബൈ പൊലീസിൽ പരാതി നൽകുകയും പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സിങ്ങിന്റെ മറ്റൊരു ജീവനക്കാരനും സമാനമായ കോളുകൾ വന്നിരുന്നതായും, വിളിച്ചയാൾ പണം ആവശ്യപ്പെട്ടിരുന്നതായും പൊലീസ് അറിയിച്ചു.

പഞ്ചാബി ഗായകൻ സിദ്ദു മൂസവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ലോറൻസ് ബിഷ്ണോയ്. നിലവിൽ ഇയാൾ ലഹരിക്കേസിൽ ഗുജറാത്തിലെ സബർമതി ജയിലിലാണ്. മുൻ മന്ത്രി ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിലും ബിഷ്ണോയ് സംഘാംഗങ്ങൾ അറസ്റ്റിലായിരുന്നു.
