ഒട്ടാവ: താങ്ങാനാവുന്ന ചെലവിലുള്ള ഭവനങ്ങൾ അതിവേഗത്തിൽ നിർമ്മിക്കുന്നതിനായി ഫെഡറൽ സർക്കാരുമായി കരാർ ഒപ്പിട്ട് ഓട്ടവ. കാർണിയും മേയർ മാർക്ക് സട്ട് ക്ളിഫും ചേർന്ന് ഏകദേശം 3,332 കോടി ഡോളർ കരാറിലാണ് ഒപ്പുവച്ചത്. പുതിയ ഫെഡറൽ ഏജൻസിയായ ബിൽഡ് കാനഡ ഹോംസിന്റെ സഹായത്തോടെ 3,000 ത്തോളം താങ്ങാവുന്ന ചെലവിലുള്ള വീടുകൾ നിർമ്മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഭവന പ്രതിസന്ധിക്ക് പരിഹാരം കാണാൻ ലക്ഷ്യമിട്ട് രൂപീകരിച്ച ഫെഡറൽ ഏജൻസിയാണിത്. ഈ വർഷത്തെ അവസാന മേയേഴ്സ് ബ്രേക്ക്ഫാസ്റ്റ് പരിപാടിയിലാണ് പ്രധാനമന്ത്രി മാർക്ക് കാർണിയും മേയർ മാർക്ക് സട്ട് ക്ലിഫും കരാർ ഒപ്പിട്ടത്.

ഈ കരാറിന്റെ ഭാഗമായി, ഭവന നിർമ്മാണ പദ്ധതികൾക്ക് വേഗത്തിൽ അനുമതി നൽകാനും ഫീസുകൾ ഒഴിവാക്കാനും ഓട്ടവ തീരുമാനിച്ചു. ഇത് പദ്ധതികളുടെ പ്രായോഗികത വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. സാമ്പത്തിക സഹായം, ഭൂമിയുടെ ലഭ്യത (ഫെഡറൽ ഭൂമികൾ ഉൾപ്പെടെ), വികസനത്തിലുള്ള വൈദഗ്ദ്ധ്യം എന്നിവ ഒറ്റ നേതൃത്വത്തിൽ കൊണ്ടുവന്ന് വലിയ പദ്ധതികൾ വേഗത്തിൽ ആരംഭിക്കാൻ ഏജൻസി സഹായിക്കും. നോൺ-മാർക്കറ്റ് ഭവനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് സമൂഹങ്ങളിലെ ഭവനരഹിതരുടെ എണ്ണം കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കൂടുതൽ വീടുകൾ, കൂടുതൽ വേഗത്തിൽ നിർമ്മിക്കുന്നതിൽ ഒട്ടാവ മുന്നിട്ട് നിൽക്കുന്നതായും ഈ കരാർ ഫെഡറൽ ഗവൺമെന്റുമായുള്ള തങ്ങളുടെ ശക്തമായ ബന്ധത്തെയും ഭവനപ്രതിസന്ധി കുറയ്ക്കാനുള്ള പ്രതിബദ്ധതയെയും സൂചിപ്പിക്കുന്നതായും മേയർ മാർക്ക് സട്ട്ക്ലിഫ് പറഞ്ഞു. കരാറിന് ഓട്ടവ സിറ്റി കൗൺസിലിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.
