ടൊറന്റോ: ടി.ടി.സി യാത്രക്കാർക്ക് ഒരു മാസത്തിൽ 47 ട്രിപ്പുകൾക്ക് ശേഷമുള്ള യാത്രകൾ സൗജന്യമാക്കുന്നു. 2026 സെപ്റ്റംബർ മുതലായിരിക്കും പദ്ധതി നടപ്പിലാക്കുക. അടുത്ത വർഷത്തെ സിറ്റി ബജറ്റിൽ പദ്ധതിക്ക് അംഗീകാരം ലഭിക്കേണ്ടതിനാലാണിത്. നിലവിലുള്ള പ്രതിമാസ പാസുകൾക്ക് പകരമായാണ് ഈ ‘ഫെയർ ക്യാപ്പിംഗ്’ സംവിധാനം വരുന്നതെന്ന് മേയർ ഒലിവിയ ചൗ പറഞ്ഞു. ഒരു മാസത്തിൽ 47 തവണ യാത്ര ചെയ്താൽ തുടർന്നുള്ള എല്ലാ യാത്രകളും സൗജന്യമായിരിക്കും. ഉപഭോക്താക്കൾ സാധാരണ ചെയ്യുന്നതുപോലെ പ്രസ്റ്റോ (Presto) കാർഡോ, ക്രെഡിറ്റ് കാർഡോ, ഫോണോ ടാപ്പ് ചെയ്താൽ മതിയാകും. 47 ടാപ്പുകൾ പൂർത്തിയാകുമ്പോൾ, അതിനുശേഷമുള്ള യാത്രകൾക്ക് ഓട്ടോമാറ്റിക്കായി പണം ഈടാക്കുന്നത് നിൽക്കും. പ്രത്യേക അപേക്ഷകളോ രജിസ്ട്രേഷനോ ഇതിന് ആവശ്യമില്ല.

പുതിയ പദ്ധതി നടപ്പിലാക്കാൻ പ്രതിവർഷം 29 ലക്ഷം ഡോളർ അധികച്ചെലവ് ഉണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. 2027-ഓടെ സൗജന്യ യാത്രയുടെ പരിധി 40 ട്രിപ്പുകളായി കുറച്ചേക്കും. പദ്ധതി നടപ്പിലായാൽ പ്രതിവർഷം 17 ദശലക്ഷം കൂടുതൽ യാത്രക്കാർ TTC-യിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവിൽ പ്രതിമാസ പാസിന് 156 ഡോളർ ഒരുമിച്ച് നൽകേണ്ട ബുദ്ധിമുട്ട് പുതിയ സംവിധാനത്തിൽ ഒഴിവാകും. പ്രതിമാസ പാസ് എടുത്തെങ്കിലും അത് വേണ്ടത്ര ഉപയോഗിക്കാത്ത ആളുകൾക്ക് അനാവശ്യമായി പണം നഷ്ടപ്പെടുന്നത് ഈ സംവിധാനത്തിലൂടെ ഒഴിവാക്കാമെന്നുമാണ് വിലയിരുത്തൽ. എല്ലാ യാത്രക്കാരെയും ടാപ്പ് ചെയ്യാൻ പ്രേരിപ്പിക്കുന്നതിലൂടെ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന പ്രവണതകുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് TTC ചെയർ ജമാൽ മയേഴ്സ് വ്യക്തമാക്കി. ഹാമിൽട്ടൺ, യോർക്ക് റീജിയൻ, ഓട്ടവ പോലുള്ള മറ്റ് കനേഡിയൻ നഗരങ്ങളിലെ ട്രാൻസിറ്റ് ഏജൻസികളിൽ ഈ പദ്ധതി നേരത്തെ തന്നെ നിലവിലുണ്ട്.
