റോക്കിംഗ് സ്റ്റാർ യാഷിന്റെ പുതിയ ചിത്രം ‘ടോക്സിക്’ (A Fairy Tale for Grown-Ups) 2026 മാർച്ച് 19-ന് ഗ്രാൻഡ് റിലീസിനൊരുങ്ങുന്നു. റിലീസിന് കൃത്യം 100 ദിവസം മാത്രം ബാക്കിനിൽക്കെ, സംവിധായിക ഗീതു മോഹൻദാസും സംഘവും സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. രക്തം പുരണ്ട ബാത്ത് ടബ്ബിൽ, ശരീരമാകെ ടാറ്റൂകളോടെ, പരുക്കൻ ഭാവത്തിൽ ഇരിക്കുന്ന യാഷിനെയാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. മുഖം വ്യക്തമല്ലെങ്കിലും, തീവ്രമായ ‘ബാഡാസ്’ ലുക്ക് നൽകുന്ന പോസ്റ്റർ പ്രേക്ഷകരിൽ ആവേശം വർദ്ധിപ്പിച്ചിട്ടുണ്ട്. യാഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

പോസ്റ്ററിനൊപ്പം, ചിത്രത്തിന്റെ സാങ്കേതിക വിദഗ്ധരെയും അണിയറ പ്രവർത്തകരെയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദേശീയ അവാർഡ് ജേതാവ് രാജീവ് രവിയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ‘കെ.ജി.എഫ്.’ ചിത്രങ്ങളിൽ യാഷുമായി സഹകരിച്ച രവി ബസ്രൂർ സംഗീതവും, ഉജ്വൽ കുൽക്കർണി എഡിറ്റിംഗും നിർവ്വഹിക്കും. ആക്ഷൻ രംഗങ്ങൾക്കായി ‘ജോൺ വിക്ക്’ സിനിമയിലൂടെ പ്രശസ്തനായ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ ജെ പെറിയും ദേശീയ അവാർഡ് ജേതാവ് അൻബറിവും ഒന്നിക്കുന്നുണ്ട്. കന്നഡയിലും ഇംഗ്ലീഷിലുമായി ഒരേസമയം ചിത്രീകരിച്ചിരിക്കുന്ന ‘ടോക്സിക്’ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെയുള്ള മറ്റ് ഭാഷകളിലേക്കും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും.
