ന്യൂഡൽഹി : നിക്ഷേപ പദ്ധതികളുടെ തെറ്റിദ്ധരിപ്പിച്ചുള്ള വിൽപനയും സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ അവകാശവാദങ്ങളും തടയുന്നതിനായി സാങ്കേതികവിദ്യ അധിഷ്ഠിതമായ പുതിയ ഏജൻസിക്ക് രൂപം നൽകി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI). പാസ്റ്റ് റിസ്‌ക് ആൻഡ് റിട്ടേൺ വെരിഫിക്കേഷൻ ഏജൻസി (PaRRVA) എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. പെരുപ്പിച്ചതോ കെട്ടിച്ചമച്ചതോ ആയ നേട്ടക്കണക്കുകൾ കാണിച്ച് നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവണത തടയുകയാണ് പ്രധാന ലക്ഷ്യം. മുൻകാല പ്രകടനം സുതാര്യമായ രീതിശാസ്ത്രം ഉപയോഗിച്ച് സ്വതന്ത്രമായി പരിശോധിച്ച് ഉറപ്പുവരുത്താൻ ഈ സംവിധാനം സഹായിക്കുമെന്ന് സെബി ചെയർമാൻ തുഹിൻ കാന്ത പാണ്ഡെ വ്യക്തമാക്കി.

പുതിയ ഏജൻസിക്ക് കർശനമായ മാർഗ്ഗനിർദ്ദേശങ്ങളാണ് സെബി നൽകിയിട്ടുള്ളത്. അനുകൂലമായ നേട്ടം മാത്രം കാണിക്കുന്നതിനായി ഏകപക്ഷീയമായി തീയതികളോ സമയപരിധികളോ തിരഞ്ഞെടുക്കുന്നത് PaRRVA തടയും. നിലവിലെ വ്യവസ്ഥകൾ പ്രകാരം മുൻകാല പ്രകടനം പരസ്യപ്പെടുത്താൻ അനുവാദമില്ലാത്ത അംഗീകൃത സ്ഥാപനങ്ങൾക്ക് (ബ്രോക്കർമാർ, ഉപദേഷ്ടാക്കൾ) വിശ്വാസ്യതയോടെ മുന്നോട്ട് വരാൻ ഈ സംവിധാനം അവസരം നൽകും. ക്രെഡിറ്റ് റേറ്റിങ് ഏജൻസികളെയും സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഡാറ്റാ സെന്ററുകളെയും ബന്ധിപ്പിച്ചാണ് PaRRVA പ്രവർത്തിക്കുന്നത്. വിശ്വാസ്യതയും സ്ഥിരതയും കൊണ്ടുവരുന്നതിലൂടെ നിക്ഷേപകർക്കും ഇടനിലക്കാർക്കും തുല്യ അവസരങ്ങൾ നൽകാനാണ് സെബി ലക്ഷ്യമിടുന്നത്.
