ഇന്ത്യയുടെ ക്ലൗഡ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍
രംഗത്തെ സാധ്യതകള്‍ ലക്ഷ്യമിട്ട് ടെക് ഭീമന്മാരായ ആമസോണും മൈക്രോസോഫ്റ്റും സംയുക്തമായി 52.5 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 4.35 ലക്ഷം കോടി രൂപ) നിക്ഷേപം പ്രഖ്യാപിച്ചു. യുഎസ് ടെക് ഭീമന്‍ മൈക്രോസോഫ്റ്റിന്റെ ഏഷ്യയിലെതന്നെ ഏറ്റവും വലിയ നിക്ഷേപമാണിത്.
2030-ഓടെ 35 ബില്യണ്‍ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കുമെന്നാണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുമുമ്പ് നിക്ഷേപിച്ച 40 ബില്യണ്‍ ഡോളറിന് പുറമെയാണിത്. ഇതോടെ, ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരായി ആമസോണ്‍ മാറും. ഹൈപ്പര്‍സ്‌കെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുക, ദേശീയ പ്ലാറ്റ്ഫോമുകളില്‍ എഐ ഉള്‍പ്പെടുത്തുക എന്നിവ ലക്ഷ്യട്ടാണ് നിക്ഷേപങ്ങള്‍.
ഇന്ത്യയുടെ എഐ ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിനായി മൈക്രോസോഫ്റ്റ് 17.5 ബില്യണ്‍ ഡോളര്‍ നിക്ഷേപം പ്രഖ്യാപിച്ചു. കമ്പനി നേരത്തെ പ്രഖ്യാപിച്ച 3 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് പിന്നാലെയാണിത്. ഇതിന്റെ ഭാഗമായി, ദക്ഷിണേന്ത്യന്‍ നഗരമായ ഹൈദരാബാദില്‍ ഒരു പുതിയ ‘ഹൈപ്പര്‍സ്‌കെയില്‍ ക്ലൗഡ് റീജിയണ്‍’ (ഡാറ്റാ സെന്ററുകളുടെ ക്ലസ്റ്റര്‍) സ്ഥാപിക്കും. ഇത് 2026 മധ്യത്തോടെ പ്രവര്‍ത്തനക്ഷമമാകും. ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്ലാറ്റ്ഫോമുകളിലേക്ക് എഐ സംയോജിപ്പിക്കാനും 310 ദശലക്ഷത്തോളം വരുന്ന അനൗപചാരിക തൊഴിലാളികളെ പിന്തുണയ്ക്കാനും മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നു. ഈ നിക്ഷേപം കാനഡ, പോര്‍ച്ചുഗല്‍, യുഎഇ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ മൈക്രോസോഫ്റ്റ് നടത്തുന്ന 23 ബില്യണ്‍ ഡോളര്‍ എഐ വിപുലീകരണ പദ്ധതിയുടെ ഭാഗമാണ്.

ഇന്ത്യയുടെ എഐ ഭാവിയെക്കുറിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് പ്രഖ്യാപനം. മൈക്രോസോഫ്റ്റിന്റെ നിക്ഷേപങ്ങള്‍ ഇന്ത്യയുടെ എഐ ഫസ്റ്റ് ഭാവിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, സ്‌കില്‍സ്, ക്യാപബലിറ്റീസ് എന്നിവ വികസിപ്പിക്കാന്‍ സഹായിക്കും. എഐ ശക്തി നവീകരിക്കാനും പ്രയോജനപ്പെടുത്താനുമുള്ള ഈ അവസരം ഇന്ത്യയിലെ യുവാക്കള്‍ പ്രയോജനപ്പെടുത്തുമെന്ന് മൈക്രോസോഫ്റ്റിന്റെ നിക്ഷേപത്തെ പരാമര്‍ശിച്ചുകൊണ്ട് എക്‌സ് പ്ലാറ്റ്‌ഫോമില്‍ മോഡി കുറിച്ചു.
ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതിനായി നിലവിലുള്ള ക്ലൗഡ്, എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുന്നതിനായി ഫണ്ടുകള്‍ ഉപയോഗിക്കാനാണ് മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നത്. അടുത്തിടെ ഗൂഗിളില്‍ നിന്ന് 15 ബില്യണ്‍ ഡോളറിന്റെ ഡാറ്റാ സെന്റര്‍ നിക്ഷേപ വാഗ്ദാനവും ഇന്ത്യയിലേക്കെത്തും എന്ന് വ്യക്തമാക്കിയിരുന്നു; സമാനമാതൃകയില്‍ ആമസോണ്‍ വെബ് സര്‍വീസസില്‍ നിന്ന് 8 ബില്യണ്‍ ഡോളര്‍ നിര്‍ദിഷ്ട നിക്ഷേപവുമുണ്ട്.
യുഎസ് ചിപ്പ് ഡിസൈനര്‍മാരായ ഇന്റല്‍ ടാറ്റ ഇലക്ട്രോണിക്‌സുമായി എഐ ആപ്ലിക്കേഷനുകള്‍ക്കുള്ള ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ ചിപ്പ് ഓഫറുകളില്‍ സഹകരിക്കുക എന്ന ലക്ഷ്യത്തോടെ കരാറില്‍ ഒപ്പുവെച്ചതും ഇന്ത്യയ്ക്ക് ഗുണം ചെയ്യും.
