വൻകൂവർ : കനത്ത മഴയെ തുടർന്ന് ചില്ലിവാക്ക് നദിയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ഒഴിപ്പിക്കൽ ഉത്തരവിറക്കി ഫ്രേസർ വാലി റീജനൽ ഡിസ്ട്രിക്റ്റ് മുന്നറിയിപ്പ് നൽകി. നദിയിൽ ശക്തമായ ഒഴുക്ക് ഉണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വിൽസൺ റോഡിലെ എട്ട് വീടുകളിലെ താമസക്കാർ ഉടൻ ഒഴിഞ്ഞു പോകണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കൂടാതെ ചില്ലിവാക്ക് റിവർ റോഡിലെ 12 വീടുകളിലെ താമസക്കാർ ജാഗ്രത പാലിക്കണം. അവർ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒഴിഞ്ഞുപോകാൻ തയ്യാറാകണം.

അടിയന്തര സാഹചര്യത്തിൽ പൊലീസും ഫയർ സർവീസും ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കും, അതിനാൽ ജനങ്ങൾ തയ്യാറായിരിക്കണമെന്നും അധികൃതർ അറിയിച്ചു. ബ്രിട്ടിഷ് കൊളംബിയയുടെ തെക്കൻ മേഖലയിൽ കനത്ത മഴയെ തുടർന്നുള്ള അപകടസാധ്യത കണക്കിലെടുത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒഴിപ്പിക്കൽ ഉത്തരവും ജാഗ്രതാ നിർദ്ദേശവും നൽകിയത്.
