ഓട്ടവ: ക്രിസ്മസ്-പുതുവത്സര അവധിക്കാലം അടുക്കുന്നതോടെ കാനഡയിലുടനീളം ഇൻഫ്ലുവൻസ (പനി) കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. ഇൻഫ്ലുവൻസ എ വൈറസുമായി ബന്ധപ്പെട്ട കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കുത്തനെ കൂടി. നവംബർ 29 വരെയുള്ള കണക്കുകൾ ഉൾപ്പെടുത്തി ഡിസംബർ 5-ന് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഇൻഫ്ലുവൻസ പരിശോധനകളിൽ 13 ശതമാനം പോസിറ്റീവാണ്. ഇത് രാജ്യവ്യാപകമായി രോഗം കൂടുന്ന പ്രവണതയെ സൂചിപ്പിക്കുന്നു. ആകെ കേസുകൾ 3,655 ആയി ഉയർന്നു. വൈറസ് കണ്ടെത്തിയ കേസുകളിൽ 99 ശതമാനം ഇൻഫ്ലുവൻസ എ ആണ്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് 65 വയസ്സിന് മുകളിലുള്ള വ്യക്തികളിലാണ്.

A(H3N2) കേസുകളിൽ ഏറ്റവും കൂടുതൽ (47%) കുട്ടികളിലും യുവാക്കളിലുമാണ് (19 വയസ്സിന് താഴെയുള്ളവർ). ഒറ്റ ആഴ്‌ചയിൽ 38 പുതിയ രോഗബാധകളാണ് സ്ഥിരീകരിച്ചത്. പ്രതിവാര നിരക്ക് 100,000 ആളുകൾക്ക് 1.9 എന്ന നിലയിലെത്തി. കുടുംബങ്ങൾ അവധിക്കാല ഒത്തുചേരലുകൾക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് ഇൻഫ്ലുവൻസ നിരക്ക് കുത്തനെ ഉയരുന്നത്. നിലവിലെ വൈറസ് ബാധ ഏറ്റവുമധികം ബാധിക്കുന്ന മുതിർന്ന പൗരന്മാരും കുട്ടികളും ഉൾപ്പെടെയുള്ള എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ അധികൃതർ ആവശ്യപ്പെട്ടു. ബ്രിട്ടീഷ് കൊളംബിയ, കെബെക്ക്, ആൽബർട്ട, ഒന്റാരിയോ, നോവ സ്കോഷ എന്നിവിടങ്ങളിൽ പ്രാദേശികമായ രോഗവ്യാപനമുണ്ട്. ആഗസ്റ്റ് 24 മുതൽ ഇതുവരെ രാജ്യവ്യാപകമായി 10,000-ത്തിലധികം ഇൻഫ്ലുവൻസ കേസുകൾ റിപ്പോർട്ട് ചെയ്തു.
