മൺട്രിയോൾ : നഗരത്തിൽ കനത്ത മഞ്ഞുവീഴ്ച പ്രവചിച്ച് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC). ഇന്ന് രാവിലെ ആരംഭിച്ച മഞ്ഞുവീഴ്ച വ്യാഴാഴ്ച വൈകുന്നേരം വരെ തുടരും. 15 മുതൽ 20 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. മഞ്ഞുവീഴ്ചയ്ക്ക് ഒപ്പം വ്യാഴാഴ്ച ശക്തമായ കാറ്റ് വീശുന്നതോടെ വിസിബിലിറ്റി കുറയുകയും യാത്ര ദുഷ്കരമാകുകയും ചെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

വ്യാഴാഴ്ച മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ പടിഞ്ഞാറൻ കാറ്റ് വീശുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. ഉച്ചകഴിഞ്ഞ് താപനില മൈനസ് 9 സെൽഷ്യസിലേക്ക് താഴും കാറ്റിനൊപ്പം തണുപ്പ് മൈനസ് 18 സെൽഷ്യസിനടുത്തായി അനുഭവപ്പെടും. വ്യാഴാഴ്ച രാത്രി മഞ്ഞുവീഴ്ച തുടരും. തുടർന്ന് മഞ്ഞുവീഴ്ച കുറയുമെങ്കിലും തണുപ്പുള്ള കാലാവസ്ഥയായിരിക്കും. വെള്ളിയാഴ്ച വെയിലും മേഘവും കലർന്ന കാലാവസ്ഥ പ്രതീക്ഷിക്കുന്നു. താപനില മൈനസ് 5 സെൽഷ്യസാണ് പ്രവചനത്തിലുള്ളത്. ശനിയാഴ്ച മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാറ്റിന് 60% സാധ്യതയും മൈനസ് 2 സെൽഷ്യസ് താപനിലയും ഉണ്ടാകും. ഞായറാഴ്ച കാറ്റും തുടരും. താപനില മൈനസ് 7 സെൽഷ്യസിലേക്ക് താഴും. രാത്രിയിൽ താപനില വീണ്ടും കുറഞ്ഞ് മൈനസ് 16 സെൽഷ്യസും ആയിരിക്കും.
