ഇസ്ലാമാബാദ് : പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിനുള്ളിൽ പീഡിപ്പിക്കുകയാണെന്ന് സഹോദരി അലീമ. നിയമവിരുദ്ധമായാണ് അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നതെന്നും അലീമ ആരോപിച്ചു. ഇമ്രാൻ ഖാൻ ജയിലിൽ ക്രൂരമായ പീഡനം നേരിടുന്നുണ്ടെന്ന് ആരോപിച്ച് കുടുംബാംഗങ്ങളും അനുയായികളും ജയിലിനു പുറത്തു തടിച്ചുകൂടി.
‘‘കഴിഞ്ഞ എട്ട് മാസമായി ഞങ്ങൾ ഇവിടെ വരുന്നു. എല്ലാ ചൊവ്വാഴ്ചയും ഞങ്ങൾ ഇവിടെ വന്ന് ഇരിക്കുന്നു. ഇമ്രാൻ ഖാനെ കാണാൻ ഞങ്ങൾക്ക് അനുവാദമില്ല. അവർ അദ്ദേഹത്തെ പീഡിപ്പിക്കുകയാണ്. നിയമവിരുദ്ധമായി ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. ഇമ്രാൻ ഖാനെതിരെയുള്ള ഈ പീഡനം അവസാനിപ്പിക്കണം,’’ അലീമ പറഞ്ഞു.

ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക ഉന്നയിച്ച് നിരവധി അനുയായികളാണ് ജയിലിനു മുന്നിലെത്തിയത്. പിടിഐ സെക്രട്ടറി ജനറൽ സൽമാൻ അക്രം രാജ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യാ മേധാവി ജുനൈദ് അക്ബർ ഖാൻ തുടങ്ങിയ മുതിർന്ന നേതാക്കൾ കുത്തിയിരിപ്പ് സമരത്തിൽ പങ്കുചേർന്നതോടെ സ്ഥിതി കൂടുതൽ വഷളായി. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ സന്ദർശനം അനുവദിച്ചുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും, ഇമ്രാൻ ഖാനെ കാണാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങൾ ജയിൽ അധികൃതർ നിരസിക്കുകയാണെന്ന് അദ്ദേഹത്തിന്റെ അനുയായികൾ പറയുന്നു. അതേ സമയം, ഇമ്രാൻ ഖാൻ ജയിലിൽ മാനസിക പീഡനം നേരിടുന്നുവെന്ന ആരോപണം പാക്കിസ്ഥാൻ സൈന്യം തള്ളിക്കളയുകയാണ്.
