ന്യൂഡൽഹി: ഇന്ത്യയിൽ വിവാഹ ആഘോഷങ്ങൾ ആഡംബരവും ചെലവേറിയതുമായി മാറിയതോടെ സാമ്പത്തിക നഷ്ടങ്ങളിൽ നിന്ന് സംരക്ഷണം നേടുന്നതിന് വിവാഹ ഇൻഷുറൻസിൻ്റെ പ്രാധാന്യം വർധിച്ചതായി റിപ്പോർട്ട്. വെഡ്മീഗുഡ് റിപ്പോർട്ട് പ്രകാരം ശരാശരി വിവാഹച്ചെലവ് 39.5 ലക്ഷം രൂപയും ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകൾക്ക് 58 ലക്ഷം രൂപ വരെയും ഉയർന്നു. അവസാന നിമിഷത്തെ റദ്ദാക്കലുകൾ, വെണ്ടർ കരാർ ലംഘനം, മോശം കാലാവസ്ഥ, മെഡിക്കൽ അത്യാഹിതം തുടങ്ങിയവ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കാൻ സാധ്യതയുണ്ട്. എന്നിട്ടും, മിക്ക കുടുംബങ്ങളും ഈ സാമ്പത്തിക അപകടസാധ്യതകൾ അവഗണിക്കുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

അപ്രതീക്ഷിത സംഭവങ്ങൾ മൂലമുണ്ടാകുന്ന വലിയ സാമ്പത്തിക നഷ്ടങ്ങൾക്കാണ് വിവാഹ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നത്. വേദി റദ്ദാക്കൽ, കാറ്ററിങ്, ഫോട്ടോഗ്രാഫി തുടങ്ങിയ ചെലവുകൾക്കുള്ള റീഇംപേഴ്സ്മെൻ്റ്, പ്രകൃതിദുരന്തങ്ങൾ പോലുള്ള കാരണങ്ങളാൽ വിവാഹം റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്യുമ്പോൾ നഷ്ടപരിഹാരം എന്നിവ പോളിസികളിൽ ഉൾപ്പെടുന്നു. കൂടാതെ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, സമ്മാനങ്ങൾ എന്നിവയുടെ നഷ്ടത്തിനും, അതിഥികൾക്ക് പരുക്കേൽക്കുന്നതുമായി ബന്ധപ്പെട്ട മൂന്നാം കക്ഷി ബാധ്യതകൾക്കും പോളിസികൾ സംരക്ഷണം നൽകുന്നുണ്ട്. വിവാഹ ഇൻഷുറൻസിനായുള്ള പ്രീമിയം, ഇൻഷ്വർ ചെയ്ത തുകയുടെ 0.2 മുതൽ 0.4% വരെയാണ്. കൂടുതൽ വെണ്ടർമാരും സങ്കീർണ്ണമായ ലോജിസ്റ്റിക്സും ഉൾപ്പെടുന്ന ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകൾക്ക് ഈ ഇൻഷുറൻസ് പരിരക്ഷ അത്യന്താപേക്ഷിതമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
