ന്യൂഡൽഹി : ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കുന്നതിനുള്ള യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ സമാധാനകരാർ ലക്ഷ്യത്തിലെത്തിക്കുന്നതിന് ഇന്ത്യയുടെ പൂർണ്ണ പിന്തുണ അറിയിച്ച് പ്രധാനമന്ത്രി മോദി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് മോദി ഇന്ത്യയുടെ പിന്തുണ ആവർത്തിച്ചത്. ഇരു നേതാക്കളും ഉഭയകക്ഷി ബന്ധങ്ങളും മേഖലാ വികസനങ്ങളും ചർച്ച ചെയ്തു.

മേഖലയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചും പ്രധാനമന്ത്രി മോദിയും നെതന്യാഹുവും ചർച്ച ചെയ്തു. ട്രംപ് നിർദ്ദേശിച്ച ഗാസ സമാധാന പദ്ധതി എത്രയും വേഗം നടപ്പിലാക്കുന്നത് ഉൾപ്പെടെ നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ മോദി ആവർത്തിച്ചു. ഇരുനേതാക്കളും ഉടൻ കൂടിക്കാഴ്ച നടത്താനും ചർച്ചയിൽ തീരുമാനമായി. പ്രതിരോധം, സാങ്കേതികവിദ്യ, വ്യാപാരം, നവീകരണം എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കൂടുതൽ വഴികൾ തേടുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
