വിനിപെഗ് : അടുത്തപ്രവിശ്യാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അറിയിച്ച് മുൻ മാനിറ്റോബ പ്രീമിയർ കെൽവിൻ ഗോർട്ട്സെൻ. 2003 മുതൽ വിനിപെഗ് സ്റ്റെയിൻബാക്ക് റൈഡിങിനെ പ്രതിനിധീകരിക്കുന്ന 56 വയസ്സുള്ള കെൽവിൻ അടുത്ത തിരഞ്ഞെടുപ്പ് വരെ എംഎൽഎ സ്ഥാനത്ത് തുടരുമെന്നും അറിയിച്ചു. മത്സരരംഗത്തേക്കില്ലെന്ന നേരത്തെയുള്ള പ്രഖ്യാപനത്തിലൂടെ തന്‍റെ റൈഡിങിൽ പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടിക്ക് വോട്ടെടുപ്പിന് മുമ്പ് ശരിയായി ആസൂത്രണം ചെയ്യാൻ വേണ്ടത്ര സമയം ലഭിക്കുമെന്ന് അദ്ദേഹം പറയുന്നു. അടുത്ത തിരഞ്ഞെടുപ്പ് 2027 ഒക്ടോബർ 5 ന് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, പ്രീമിയർ വാബ് കിന്യൂ അടുത്ത പ്രവിശ്യാ തിരഞ്ഞെടുപ്പ് നേരത്തെ ആക്കാനുള്ള സാധ്യതയുണ്ട്.

2016 നും 2023 നും ഇടയിൽ ടോറികൾ അധികാരത്തിലിരുന്നപ്പോൾ, ആരോഗ്യം, വിദ്യാഭ്യാസം, നീതി, ഡെപ്യൂട്ടി പ്രീമിയർ എന്നിവയുൾപ്പെടെയുള്ള മുതിർന്ന കാബിനറ്റ് വകുപ്പുകൾ ഗോർട്ട്സെൻ വഹിച്ചിരുന്നു. 2021 ൽ പ്രീമിയർ ബ്രയാൻ പല്ലിസ്റ്റർ രാജിവച്ചപ്പോൾ, ടോറി കോക്കസ് ഇടക്കാല പാർട്ടി ലീഡറും പ്രീമിയറുമായി ഗോർട്ട്സെനെ തിരഞ്ഞെടുത്തു. തുടർന്ന് പാർട്ടി അംഗങ്ങൾ ഹീതർ സ്റ്റെഫൻസണെ പാർട്ടി ലീഡറായി തിരഞ്ഞെടുക്കുന്നതുവരെ രണ്ട് മാസം സേവനമനുഷ്ഠിച്ചു. അടുത്തിടെ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച രണ്ടാമത്തെ ടോറി അംഗമാണ് ഗോർട്ട്സെൻ. എംഎൽഎ ഡോയൽ പിവ്നിയുക്കും രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കാൻ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചിരുന്നു.
