ഓട്ടവ : ശൈത്യകാലത്തിന്‍റെ മരവിപ്പ് നവംബറിൽ രാജ്യതലസ്ഥാനത്തെ ഭവന വിപണിയിലും പ്രകടമായതായി റിപ്പോർട്ട്. കഴിഞ്ഞ മാസം ഓട്ടവയിലെ വീടുകളുടെ വിൽപ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 18.2% കുറഞ്ഞതായി ഓട്ടവ റിയൽ എസ്റ്റേറ്റ് ബോർഡ് (OREB) റിപ്പോർട്ട് ചെയ്തു. നവംബറിൽ 880 വീടുകളുടെ വിൽപ്പനയാണ് നടന്നത്. ഒക്ടോബറിൽ ഇത് 1,177 ആയിരുന്നു. ഒക്ടോബറിനെ അപേക്ഷിച്ച് വീടുകളുടെ വിലയിൽ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസത്തെ വീടുകളുടെ ശരാശരി വില ഒക്ടോബറിൽ നിന്നും നാല് ശതമാനം കുറഞ്ഞ് 680,496 ഡോളറായിരുന്നു. പക്ഷേ ഇപ്പോഴും 2024 നവംബറിനെക്കാൾ 2.2 ശതമാനം കൂടുതലാണ് ഓട്ടവയിലെ വീടുകൾക്കുള്ളത്. ഈ വർഷം ഇതുവരെ ഒട്ടാവയിൽ 13,075 വീടുകൾ വിറ്റഴിക്കപ്പെട്ടു. 2024 ലെ ആദ്യ 11 മാസങ്ങളെ അപേക്ഷിച്ച് 1.5% വർധന.

നവംബറിൽ ടൗൺഹോമുകളുടെ ശരാശരി വില 542,607 ഡോളർ ആണെന്ന് OREB പറയുന്നു. ഇത് ഒക്ടോബറിലെയും കഴിഞ്ഞ വർഷത്തെയും വാർഷിക കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണ്. അതേസമയം 2024 നവംബറിനെ അപേക്ഷിച്ച് 4.8 ശതമാനം വർധനയിൽ 2025 നവംബറിൽ സിംഗിൾ ബെഡ്‌റൂം വീടുകളുടെ ശരാശരി വില 825,827 ഡോളറായി.
