ഓട്ടവ : എൻഡിപി നേതൃത്വ മത്സരത്തിൽ നിന്നും തനിക്ക് വിലക്ക് ഏർപ്പെടുത്തിയതായി പലസ്തീൻ അനുകൂല പ്രവർത്തകൻ യെവ്സ് എംഗ്ലർ. സ്ഥാനാർത്ഥിത്വം അയോഗ്യമാക്കാനുള്ള നേതൃത്വ വോട്ട് കമ്മിറ്റിയുടെ തീരുമാനം റദ്ദാക്കണമെന്ന് പാർട്ടി ഫെഡറൽ കൗൺസിലിനോട് അദ്ദേഹം ആവശ്യപ്പെട്ടു. ഈ വർഷം ആദ്യം, മൺട്രിയോൾ പൊലീസ് ഡിറ്റക്ടീവിനെ ഭീഷണിപ്പെടുത്തിയ കേസിൽ എംഗ്ലറിനെതിരെ കുറ്റം ചുമത്തിയിരുന്നു. ഈ കേസിൽ ജനുവരിയിൽ വിധി വരുമെന്ന് കരുതുന്നു. അതേസമയം മത്സരിക്കാൻ അനുവദിക്കാത്തതിന്‍റെ കാരണം മൺട്രിയോൾ സ്വദേശിയായ യെവ്സ് എംഗ്ലർ വ്യക്തമാക്കിയിട്ടില്ല. എൻഡിപിയും ഇതുവരെ ഈ വിഷയത്തിൽ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല.

നേതൃത്വ മത്സരത്തിൽ പങ്കെടുക്കാൻ ഏകദേശം 90,000 ഡോളർ സ്വരൂപിച്ചതായി അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. എന്നാൽ ഒരു സ്ഥാനാർത്ഥി ഔദ്യോഗികമായി മത്സരത്തിൽ പ്രവേശിക്കുന്നതുവരെ സംഭാവനകൾ സ്വീകരിക്കാൻ കഴിയില്ലെന്ന് എൻഡിപിയുടെ ചീഫ് ഇലക്ടറൽ ഓഫീസർ പറയുന്നു. യോഗ്യതാ നിയമങ്ങളുടെയും സത്യസന്ധതയുടെയും അടിസ്ഥാനത്തിൽ എൻഡിപി നേതൃത്വ വോട്ട് കമ്മിറ്റിക്ക് സ്ഥാനാർത്ഥികളെ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാൻ സാധിക്കുമെന്ന് എൻഡിപി നേതൃത്വ നിയമത്തിൽ പറയുന്നു.
