ബലാത്സംഗ കേസില്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് തിരുവനന്തപുരം ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. രാഹുലിനെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ പരാതിയിലാണ് കോടതി വിധി പറഞ്ഞത്.
ക്രൂരബലാത്സംഗത്തിന് ഇരയായെന്ന യുവതിയുടെ മൊഴിയടക്കമുള്ള പോലീസിന്റെ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രാഹുലിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍, തനിക്കെതിരായ പരാതി വ്യാജമാണെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം.

ജാമ്യാപേക്ഷ തള്ളുകയാണെങ്കില്‍ രാഹുലിനെ ഉടന്‍ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണസംഘം ശ്രമിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലായിരുന്നു. രാഹുലിനെതിരെ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ അദ്ദേഹത്തിന്റെ അറസ്റ്റ് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു.
അതിനിടെ, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ സന്ദീപ് വാര്യര്‍ക്ക് ആശ്വാസം ലഭിച്ചു. ഈ മാസം 15 വരെ സന്ദീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ അറിയിച്ചു. പോലീസ് റിപ്പോര്‍ട്ട് ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. സന്ദീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 15-ന് വീണ്ടും പരിഗണിക്കും.
