കാൻബറ: സാമൂഹികമാധ്യമത്തിൽനിന്ന് 16 വയസ്സിൽ താഴെയുള്ള കുട്ടികളെ വിലക്കുന്ന ലോകത്തെ ആദ്യരാജ്യമായി ഓസ്‌ട്രേലിയ. നിയമം ചൊവ്വാഴ്ച പ്രാബല്യത്തിൽവന്നു. ഇതോടെ ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, എക്‌സ്, ടിക് ടോക്, യുറ്റ്യൂബ് തുടങ്ങിയവയിലെ കൗമാരക്കാരുടെ ലക്ഷക്കണക്കിന് അക്കൗണ്ടുകൾ നിർജീവമായി.

സൗഹൃദബന്ധങ്ങൾ നഷ്ടമാകുമെന്ന് ചില കുട്ടികൾ പരിതപിച്ചു. ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള രാജ്യത്തെ ‘കുട്ടി ഇൻഫ്‌ളുവൻസർ’മാരും വലിയ നിരാശയിലും മാനസികപ്രയാസത്തിലുമാണ്. നിയമം ലംഘിച്ചാൽ കുട്ടികളോ രക്ഷിതാക്കളോ അല്ല സാമൂഹികമാധ്യമ കമ്പനികൾ 4.95 കോടി ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 295 കോടി രൂപ) വരെ പിഴയടയ്ക്കേണ്ടിവരും. അപടകരമായ ഉള്ളടക്കങ്ങളിൽനിന്ന് രാജ്യത്തെ യുവതലമുറയെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ പറഞ്ഞു. അതേസമയം, ഇത് കുട്ടികളിൽ അതൃപ്തിയും മാനസികപ്രയാസങ്ങളും വർധിപ്പിക്കുമെന്നും ഇന്റർനെറ്റിന്റെ കൂടുതൽ അപകടരമായ മൂലകളിലേക്ക് അവരെ നയിക്കുമെന്നും വിമർശകർ പറയുന്നു.
ഒരു വലിയ വിഭാഗത്തെ അപ്പാടെ പ്ലാറ്റ്‌ഫോമുകളിൽനിന്ന് നീക്കംചെയ്യുന്നതിന് പകരം പ്രശ്നകരമായ ഉള്ളടക്കങ്ങൾ നീക്കംചെയ്യാനാണ് സർക്കാർ ശ്രമിക്കേണ്ടിയിരുന്നതെന്ന് ചെറുപ്പക്കാർ പ്രതികരിച്ചു.
