മൺട്രിയോൾ : ആഭ്യന്തര കലഹം രൂക്ഷമായ കെബെക്ക് ലിബറൽ പാർട്ടിക്കെതിരെ ക്രിമിനൽ അന്വേഷണം ആരംഭിച്ച് കെബെക്ക് അഴിമതി വിരുദ്ധ സ്ക്വാഡ് (യുപിഎസി). അഴിമതി വിരുദ്ധ യൂണിറ്റിന്‍റെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി കെബെക്ക് ലിബറൽ പാർട്ടി ലീഡർ പാബ്ലോ റോഡ്രിഗസ് അറിയിച്ചു. അന്വേഷണം ആരംഭിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്. പാർട്ടിയും എല്ലാ അംഗങ്ങളും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും നിയമവിരുദ്ധമായ പ്രവൃത്തി ചെയ്തിട്ടുണ്ടെങ്കിൽ, സത്യം പുറത്തുവരണം, നേതാവെന്ന നിലയിൽ ഇത്തരമൊരു അന്വേഷണം താൻ ആഗ്രഹിക്കുന്നുണ്ടെന്നും പാബ്ലോ റോഡ്രിഗസ് പറഞ്ഞു.

റോഡ്രിഗസുമായി കൂടിയാലോചിക്കാതെ ചീഫ് ഓഫ് സ്റ്റാഫ് ജെനീവീവ് ഹിൻസിനെ പുറത്താക്കിയതും ഈ വർഷം ആദ്യം നടന്ന നേതൃത്വ മത്സരത്തിൽ വോട്ടിനായി പണം നൽകിയെന്ന ആരോപണത്തെ തുടർന്ന് മാർവാ റിസ്‌കിയെ സസ്‌പെൻഡ് ചെയ്തതും അടക്കമുള്ള കാരണങ്ങളാൽ പ്രതിസന്ധിയിലായ പാർട്ടിക്ക് ഈ അന്വേഷണം കൂടുതൽ തിരിച്ചടിയാകും.
