ഓട്ടവ : കൺസർവേറ്റീവ് പാർട്ടിക്ക് തിരിച്ചടിയായി മറ്റൊരു എംപി കൂടി ലിബറൽ പാർട്ടിയിൽ ചേർന്നു. മാർഖം-യൂണിയൻവിൽ റൈഡിങ്ങിനെ പ്രതിനിധീകരിക്കുന്ന മൈക്കൽ മാ ആണ് ലിബറൽ പാർട്ടിയിലേക്ക് ചേക്കേറിയ പുതിയ കൺസർവേറ്റീവ് എംപി. കഴിഞ്ഞ ഫെഡറൽ തിരഞ്ഞെടുപ്പിൽ കടുത്ത മത്സരത്തിൽ ലിബറൽ സ്ഥാനാർത്ഥി പീറ്റർ യുവനെ പരാജയപ്പെടുത്തിയാണ് മൈക്കൽ മാ പാർലമെൻ്റിലേക്ക് എത്തിയത്. കഴിഞ്ഞ മാസം നോവസ്കോഷ എംപി ക്രിസ് ഡി എൻട്രെമോണ്ട് കൺസർവേറ്റീവ് കോക്കസിൽ നിന്ന് രാജിവച്ച് ലിബറൽ പാർട്ടിയിൽ ചേർന്നിരുന്നു. കൂടാതെ മറ്റൊരു കൺസർവേറ്റീവ് എംപി മാറ്റ് ജെനെറോക്സ് പാർട്ടി കോക്കസിൽ നിന്നും രാജി വെച്ചിരുന്നു.

പ്രധാനമന്ത്രി മാർക്ക് കാർണിക്കൊപ്പം ലിബറൽ കോക്കസിൽ ചേരുമെന്ന് സ്പീക്കറെയും പ്രതിപക്ഷ നേതാവിനെയും അറിയിച്ചതായി മൈക്കൽ മാ പറഞ്ഞു. കാനഡയുടെ ഐക്യത്തിനും ഭാവിക്കും നിർണ്ണായക നടപടികൾ സ്വീകരിക്കേണ്ട സമയാണിതെന്നും അദ്ദേഹം പറയുന്നു. മൈക്കൽ മായുടെ വരവോടെ പാർലമെൻ്റിൽ ഇപ്പോൾ 171 സീറ്റുകളുള്ള ലിബറലുകൾക്ക് ഭൂരിപക്ഷത്തിന് ഒരു സീറ്റ് കുറവാണ്.
