ബ്രാംപ്ടൺ : കഴിഞ്ഞ വർഷം ബ്രാംപ്ടണിൽ നടന്ന നിരവധി ടാക്സി തട്ടിപ്പുകളിൽ ഇന്ത്യൻ വംശജൻ അടക്കം രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പീൽ റീജനൽ പൊലീസ് അറിയിച്ചു. ബ്രാംപ്ടണിൽ നിന്നുള്ള 22 വയസ്സുള്ള മൻവീർ സിംഗ്, 25 വയസ്സുള്ള സയ്യിദ് ഹുനൈൻ എന്നിവരാണ് അറസ്റ്റിലായത്. ഇരുവർക്കുമെതിരെ വഞ്ചന, മോഷണം, മോഷ്ടിച്ച കാർഡ് ഉപയോഗിക്കൽ അടക്കം നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

നഗരത്തിലെ വിവിധ മാളുകളുടെ പാർക്കിങ് സ്ഥലം കേന്ദ്രീകരിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. ഒരാൾ യാത്രക്കാരനായും രണ്ടാമൻ ടാക്സി ഡ്രൈവറായും വേഷമിട്ടാണ് തട്ടിപ്പ് നടത്തിയിരുന്നത്. യാത്രക്കാരനായ പ്രതി പണം നല്‍കാനില്ലാത്തതു പോലെ അഭിനയിച്ച് സമീപത്തുള്ള അപരിചിതനോട് ബാങ്ക് കാര്‍ഡ് വഴി പണം നൽകാമോ എന്ന് അഭ്യർത്ഥിക്കും. അപരിചിതന്‍ കാര്‍ഡ് നല്‍കി പാസ്‌വേര്‍ഡ് അടിക്കുമ്പോള്‍ ടാക്സി ഡ്രൈവറായ പ്രതി യഥാര്‍ത്ഥ ഡെബിറ്റ് കാർഡ് അതേ ധനകാര്യ സ്ഥാപനത്തിന്‍റെ മറ്റൊരു ഡെബിറ്റ് കാർഡായി മാറ്റി ലാപ്‌ടോപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന പോയിൻ്റ്-ഓഫ്-സെയിൽ ടെർമിനൽ ഉപയോഗിച്ച് പിൻ നമ്പറുകൾ രേഖപ്പെടുത്തും. തുടർന്ന് മോഷ്ടിച്ച കാര്‍ഡ് ഉപയോഗിച്ച് പ്രതികള്‍ പണം എടിഎമ്മില്‍ നിന്നും പിന്‍വലിക്കുകയാണ് ചെയ്യുക. ഇതോടെയാണ് ഇര തന്‍റെ കാര്‍ഡ് മോഷണം പോയെന്നും തട്ടിപ്പിനിരയായെന്നും തിരിച്ചറിയുക.
ഈ സംഭവങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 905-453-3311 എന്ന നമ്പറിൽ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പീൽ റീജനൽ പൊലീസ് അഭ്യർത്ഥിച്ചു.
