വാഷിങ്ടൺ: ഇന്ത്യാ സന്ദർശനത്തിനെത്തിയ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുമിച്ച് ഒരു കാറിൽ യാത്ര ചെയ്തത് ചർച്ചയാക്കി യുഎസ് കോൺഗ്രസ്. യുഎസ് – ഇന്ത്യ സ്ട്രാറ്റീജിക് പാർട്നർഷിപ്: സെക്യുറിങ് എ ഫ്രീ ആൻഡ് ഓപ്പൺ ഇൻഡോ – പസിഫിക്’ വിഷയത്തിൽ ഹൗസിന്റെ സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ ഫോറിൻ അഫയേഴ്സ് സബ്‌കമ്മിറ്റി ഹിയറിങ്ങിലായിരുന്നു ചർച്ച. ഈ പോസ്റ്ററിന് ആയിരം വാക്കുകളേക്കാൾ വിലയുണ്ടെന്ന് ചിത്രം ഉയർത്തിക്കാട്ടി യുഎസ് പ്രതിനിധി സിഡ്നി കാംലാഗർ ഡോവ് വ്യക്തമാക്കി. ഇന്ത്യയുമായുള്ള വിദേശനയത്തിൽ ഡോണൾഡ് ട്രംപ് ഭരണകൂടം തികഞ്ഞ പരാജയമാണെന്ന് ഡോവ് വിമർശിക്കുകയും ചെയ്തു.
”നമുക്ക് ദേഷ്യം തോന്നുന്ന ആളുകളെ നമ്മൾ വേദനിപ്പിക്കും. പക്ഷേ അങ്ങനെ ചെയ്യുന്നത് നമ്മളെത്തെന്നെ വേദനിപ്പിക്കുകയാണ്.” ഇന്ത്യയോടുള്ള ട്രംപിന്റെ നയങ്ങളെ വിമർശിച്ചു കൊണ്ട് അവർ പറഞ്ഞു. ‘‘നിർബന്ധബുദ്ധിയുള്ള ഒരു പങ്കാളിയാകുന്നതിന് നമ്മൾ വലിയ വില നൽകേണ്ടിവരും. ഈ പോസ്റ്ററിന് ആയിരം വാക്കുകളുടെ വിലയുണ്ട്. യുഎസ്സിന്റെ തന്ത്രപ്രധാന പങ്കാളികളെ നമ്മുടെ ശത്രുക്കളുടെ കൈകളിലേക്കു തള്ളിവിട്ടുകൊണ്ട് നിങ്ങൾക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കില്ല. ഈ ഭരണകൂടം യുഎസ്-ഇന്ത്യ പങ്കാളിത്തത്തിന് വരുത്തിവച്ച നാശനഷ്ടങ്ങൾ ലഘൂകരിക്കുന്നതിനും യുഎസിന്റെ അഭിവൃദ്ധി, സുരക്ഷ, ആഗോള നേതൃത്വം എന്നിവയ്ക്ക് അത്യാവശ്യമായ സഹകരണത്തിലേക്കു മടങ്ങുന്നതിനും അടിയന്തരമായി നാം നീക്കം നടത്തണം’’ – എന്നും ഡോവ് പറഞ്ഞു.
