വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയ (ബി.സി.) കൺസർവേറ്റീവ് പാർട്ടി പുതിയ നേതൃത്വത്തിനായി മത്സരം നടത്തുന്നതിനിടെ മുന്നറിയിപ്പുമായി മുൻ ബി.സി പ്രീമിയർ ക്രിസ്റ്റി ക്ലർക്ക്. വിചിത്ര സർക്കാരിനെ തിരഞ്ഞെടുക്കാൻ ആരും ആഗ്രഹിക്കുന്നില്ലെന്നും സാമ്പത്തിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ബി.സി ലിബറലുകളുടെ നേതൃത്വത്തിനായി മത്സരിച്ചതിന്റെ 15-ാം വാർഷികം ആഘോഷിക്കുന്നതിനിടെയാണ് ക്ലർക്ക് ഈ അഭിപ്രായപ്രകടനവുമായി സോഷ്യൽ മീഡിയയിൽ എത്തിയത്.

ബി.സി കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കാൻ താൽപ്പര്യമില്ലെന്ന് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി. പകരം, പാർട്ടി തിരഞ്ഞെടുപ്പ് വിഷയങ്ങൾ ലളിതമാക്കണമെന്നും ജനങ്ങളെ ബാധിക്കുന്ന സാമ്പത്തിക കാര്യങ്ങളിൽ ഊന്നൽ നൽകണമെന്നുമാണ് അവരുടെ നിർദ്ദേശം. കാനഡയിൽ വലതുപക്ഷ പാർട്ടികൾ വിജയിക്കണമെങ്കിൽ, അവർ തീവ്രമായ നിലപാടുകൾ ഒഴിവാക്കി, സാധാരണക്കാർക്ക് സ്വീകാര്യമായ സാമ്പത്തിക പരിഷ്കാരങ്ങൾ പോലുള്ള വിഷയങ്ങൾ ഏറ്റെടുക്കണം എന്നാണ് ക്രിസ്റ്റി ക്ലർക്ക് വ്യക്തമാക്കിയത്.
