ഓട്ടവ: ഹൗസ് ഒഫ് കോമൺസ് ആറാഴ്ചത്തെ ശൈത്യകാല അവധിക്കായി ഇന്ന് പിരിഞ്ഞേക്കും. ലിബറൽ സർക്കാർ കൊണ്ടുവന്ന സുപ്രധാന ബഡ്ജറ്റ് നടപ്പാക്കൽ ബിൽ ഉൾപ്പെടെയുള്ള നിയമനിർമ്മാണങ്ങൾ പാസാക്കാതെയാണ് സഭ പിരിയുന്നത്. ഔദ്യോഗികമായി ഡിസംബർ 12 വെള്ളിയാഴ്ച വരെ എം.പി.മാർ സഭയിൽ ഉണ്ടാകേണ്ടതാണെങ്കിലും ക്രിസ്മസ് അവധിക്കായി ഇതു തന്നെ പിരിയാനാണ് ധാരണ. സഭയുടെ അടുത്ത സമ്മേളനം ജനുവരി 26-ന് ആരംഭിക്കും. ശരത്കാല സമ്മേളനത്തിൽ അവിശ്വസനീയമായ നേട്ടങ്ങൾ കൈവരിച്ചതായി ലിബറൽ ഹൗസ് ലീഡർ സ്റ്റീവൻ മക് കിനോൺ അവകാശപ്പെട്ടു. പ്രധാനമന്ത്രി മാർക്ക് കാർണി അധികാരമേറ്റതിന് ശേഷമുള്ള ആദ്യ സമ്പൂർണ്ണ സമ്മേളനമായിരുന്നു ഇത്. ആവർത്തിച്ച് കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കും അക്രമകാരികൾക്കും കർശനമായ ജാമ്യ നിയമങ്ങൾ ഏർപ്പെടുത്താനുള്ള ബിൽ C-14, കോടതി റദ്ദാക്കിയ മിനിമം നിർബന്ധിത ശിക്ഷകൾ പുനഃസ്ഥാപിക്കുന്നതിനും സ്ത്രീകൾക്കെതിരായ വിദ്വേഷവും നിയന്ത്രിക്കുന്ന സ്വഭാവവും തടയുന്നതിനുള്ള പുതിയ നിയമങ്ങളും ഉൾപ്പെടുന്ന ബിൽ C-16, മയക്കുമരുന്ന്, തോക്ക് കടത്ത്, വാഹന മോഷണം എന്നിവ തടയാൻ CBSA-യെ സഹായിക്കുന്ന പുതിയ നടപടികൾ ഉൾക്കൊള്ളുന്ന അതിർത്തി സുരക്ഷാ ബിൽ എന്നിവ പാസായിട്ടില്ല.

കുടിയേറ്റ നിയമങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ കാരണം NDP എം.പി.മാർ ഇത് പാസാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. അതേ സമയം ലിബറലുകൾ സ്വന്തം നിയമനിർമ്മാണ അജണ്ട വൈകിപ്പിക്കുകയാണെന്നും ജീവിതച്ചെലവ് സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടെന്നും കൺസർവേറ്റീവ് ഹൗസ് ലീഡർ ആൻഡ്രൂ ഷീർ ആരോപിച്ചു. നിയമങ്ങൾ പാസാക്കാൻ തടസ്സം നിൽക്കുന്നത് കൺസർവേറ്റീവുകാരാണെന്നായിരുന്നു മക് കിനോൺ തിരിച്ചടിച്ചത്. ഉപഭോക്തൃ കാർബൺ വില നിയമപരമായി അവസാനിപ്പിക്കാനുള്ള ബിൽ C-4 ചർച്ച ചെയ്യാതെ നീട്ടിക്കൊണ്ടുപോകാൻ കൺസർവേറ്റീവുകാർ ശ്രമിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി.
