മെക്സിക്കോ സിറ്റി: അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യയ്ക്കുമേൽ മെക്സിക്കോ ഉയർന്ന തീരുവ ചുമത്തി യും. ഇന്ത്യയും ചൈനയും അടക്കമുള്ള വിവിധ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്കാണ് മെക്സിക്കോ 50 ശതമാനം വരെ തീരുവ ചുമത്തിയത്. ഇതിന് മെക്സിക്കോ സെനറ്റ് അംഗീകാരം നൽകിയതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. മെക്സിക്കോയുമായി വ്യാപാര കരാർ നിലവിലില്ലാത്ത രാജ്യങ്ങളിൽനിന്നുള്ള വാഹനങ്ങൾ, വാഹനങ്ങളുടെ സ്പെയർ പാർട്സ്, വസ്ത്രം, പ്ലാസ്റ്റിക്, സ്റ്റീൽ തുടങ്ങിയ ഉത്പന്നങ്ങൾക്കാണ് 50 ശതമാനം വരെ തീരുവ ഏർപ്പെടുത്തും. പുതിയ തീരുവകൾ 2026 ജനുവരി ഒന്നാം തീയതി മുതൽ പ്രാബല്യത്തിൽ വരും. ഉയർന്ന തീരുവയിലൂടെ 3.76 ബില്യൺ ഡോളറിന്റെ അധികവരുമാനമാണ് മെക്സിക്കോ ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുകളിലുണ്ട്. മെക്സിക്കോയുടെ അധികതീരുവ ഇന്ത്യയിലെ കയറ്റുമതിയെ സാരമായി ബാധിക്കും. 2024-ൽ ഏകദേശം 8.9 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യയിൽനിന്ന് മെക്സിക്കോയിലേക്കുണ്ടായത്. വാഹനങ്ങളും വാഹനങ്ങളുടെ സ്പെയർ പാർട്സുകളുമായിരുന്നു ഇതിൽ പ്രധാനം. എന്നാൽ, ഈ ഉത്പന്നങ്ങൾക്കെല്ലാം ഉയർന്ന തീരുവ ചുമത്തുന്നത് ദോഷകരമാകും.

അതേസമയം, മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോമിന്റെ പുതിയ തീരുവ പ്രഖ്യാപനം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രീതിപ്പെടുത്താനുള്ള നീക്കമാണെന്നാണ് വിലയിരുത്തൽ. ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാനായാണ് വിവിധ വിദേശരാജ്യങ്ങളുടെ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നതെന്നാണ് മെക്സിക്കൻ പ്രസിഡന്റിന്റെ വിശദീകരണം. എന്നാൽ, യുഎസ്-മെക്സിക്കോ-കാനഡ വ്യാപാര കരാർ യുഎസ് പുനഃപരിശോധിക്കുന്നതിന് മുൻപായി ട്രംപിനെ സന്തോഷിപ്പിക്കാനാണെന്നും ആരോപണമുണ്ട്.
