ഓട്ടവ: കാനഡ റവന്യൂ ഏജൻസി (CRA) നടപ്പിലാക്കിയ 100 ദിവസത്തെ സേവന മെച്ചപ്പെടുത്തൽ പദ്ധതി വിജയത്തിലേക്ക്. കാനഡയിലെ നികുതിദായകരുടെ കോളുകൾക്ക് മറുപടി നൽകുന്നതിൽ ഏജൻസി വലിയ പുരോഗതി കൈവരിച്ചതായാണ് വിലയിരുത്തൽ. പദ്ധതിക്ക് മുൻപ് 35 ശതമാനം മാത്രമായിരുന്ന കോൾ സ്വീകരിക്കൽ നിരക്ക് ഇപ്പോൾ 70 ശതമാനം ആയി വർദ്ധിച്ചു. ചില ആഴ്ചകളിൽ ഇത് 92 ശതമാനം വരെ എത്തിയിരുന്നു എന്നതും സേവനം മെച്ചപ്പെടുന്നതിൻ്റെ പ്രത്യക്ഷ സൂചനകളായി. പുതിയ നിയമനങ്ങളാണ് വലിയ വഴിത്തിരിവായത്. 1,250 ജീവനക്കാരെ കരാർ നീട്ടിയും വീണ്ടും നിയമിച്ചും കോൾ സെന്ററുകളിലെ സേവനം വിപുലമാക്കി. അതേ സമയം ഏജൻസി പ്രവർത്തനങ്ങൾ ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറിയതോടെ ഏജൻസിക്ക് ലഭിക്കുന്ന കോളുകളുടെ എണ്ണത്തിൽ 11 ശതമാനം ശതമാനം (2,23,000 കോളുകൾ) കുറവുണ്ടായി. CRA പ്രതിവർഷം 30 മില്യൺ കോളുകളാണ് കൈകാര്യം ചെയ്യുന്നത്. 100 ശതമാനം കോളുകൾക്കും മറുപടി നൽകുക എന്നത് സാധ്യമല്ലെന്നും 70 ശതമാനമാക്കാനാണ് ശ്രമിക്കുന്നതെന്ന് CRA അസിസ്റ്റന്റ് കമ്മീഷണർ മെലാനി സെർജാക്ക് പറഞ്ഞു. ഫോൺ കോളുകൾ ഒഴിവാക്കാൻ സഹായിക്കുന്ന നിരവധി ഡിജിറ്റൽ മാറ്റങ്ങൾ CRA നടപ്പിലാക്കിയിരുന്നു.

CRA അക്കൗണ്ടിന്റെ വിവരങ്ങൾ മറന്നുപോയാൽ ഇനി ഫോൺ വിളിക്കാതെ ഓൺലൈനിലൂടെ ലഭിക്കുന്നതും ‘Manage Balance’ എന്ന പുതിയ സംവിധാനം ഉപയോഗിച്ച് ഏജന്റുമായി സംസാരിക്കാതെ ഓൺലൈനായി പേയ്‌മെന്റുകൾ നടത്തുന്നതും ഉൾപ്പെടെയുള്ള മാറ്റങ്ങളാണിവ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (GenAI) ചാറ്റ്‌ബോട്ട് സേവനം കൂടുതൽ സങ്കീർണ്ണമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശേഷിയുള്ളതാക്കിയതും ആളുകൾക്ക് പ്രയോജനപ്പെട്ടു. ഇതിന്റെ ഉപയോഗം 240 ശതമാനമായാണ് വർദ്ധിച്ചത്. അക്കൗണ്ട് ആക്സസ് പ്രശ്നങ്ങൾക്കായി ഷെഡ്യൂൾഡ് കോൾബാക്ക് സംവിധാനം 59,000-ത്തിലധികം ആളുകൾ ഉപയോഗിച്ചതായും കണക്കുകൾ പറയുന്നു. കാനഡ ചൈൽഡ് ബെനഫിറ്റ് പ്രോസസ്സിംഗ് സമയം 19 ആഴ്ചയിൽ നിന്ന് 13 ആഴ്ചയായി കുറഞ്ഞു. ഡിസെബിലിറ്റി ടാക്സ് ക്രെഡിറ്റ്: പ്രോസസ്സിംഗ് സമയം 15 ആഴ്ചയിൽ നിന്ന് 11 ആഴ്ചയായി കുറഞ്ഞു. മെച്ചപ്പെട്ട മാറ്റങ്ങളാണ് ഇതെങ്കിലും അടുത്ത നികുതി ഫയലിംഗ് സീസണോടെ ഇത് കൂടുതൽ നിലവാരത്തിലേക്ക് എത്തിക്കാനാണ് ഏജൻസിയുടെ ശ്രമം.
