മൺട്രിയോൾ : പാർട്ടി അംഗങ്ങളിൽ നിന്നും രാജി സമ്മർദ്ദം വർധിക്കുമ്പോളും കെബെക്ക് ലിബറൽ പാർട്ടി ലീഡറായി തുടരുമെന്ന് പ്രഖ്യാപിച്ച് പാബ്ലോ റോഡ്രിഗസ്. അടുത്ത പ്രവിശ്യാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സിഎക്യുവിനെയും പാർട്ടി കെബെക്ക്വനെയും പരാജയപ്പെടുത്താൻ തനിക്ക് അനുഭവപരിചയമുണ്ടെന്ന വിശ്വാസത്തിലാണ് പാർട്ടി അംഗങ്ങൾ തന്നെ തിരഞ്ഞെടുത്തതെന്നും പാബ്ലോ റോഡ്രിഗസ് പറഞ്ഞു.

ബുധനാഴ്ച, യൂണിറ്റ് പെർമനൻ്റ് ആൻ്റികറപ്ഷൻ (യുപിഎസി) കെബെക്ക് ലിബറൽ പാർട്ടി (പിഎൽക്യു)ക്കെതിരെ ക്രിമിനൽ അന്വേഷണം ആരംഭിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ പാബ്ലോ റോഡ്രിഗസിന്‍റെ രാജി ആവശ്യപ്പെട്ട് നിരവധി പിഎൽക്യു അംഗങ്ങൾ രംഗത്തെത്തി. യുപിഎസി അന്വേഷണം പാബ്ലോ റോഡ്രിഗസിന്‍റെ നേതൃത്വത്തെ ദുർബലപ്പെടുത്തിയതായി മുൻ ലിബറൽ എംഎൻഎ ക്രിസ്റ്റീൻ സെൻ്റ്-പിയറി പറയുന്നു. തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണ്, പക്ഷേ പാർട്ടിയുടെ താൽപ്പര്യങ്ങൾ പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുൻ ലിബറൽ എംഎൻഎ സെർജ് സിമാർഡും റോഡ്രിഗസിന്‍റെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടിയുടെ നന്മയ്ക്കായി റോഡ്രിഗസ് രാജി വെക്കണമെന്ന് മുൻ ലിബറൽ മന്ത്രി ജീൻ ഡി’അമോർ ആവശ്യപ്പെട്ടു.
