ഓട്ടവ : കാനഡയിലെ കോസ്റ്റ്‌കോയിൽ വിറ്റഴിച്ച ഐസ്ക്രീം തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. സാൽമൊണെല്ല മലിനീകരണ സാധ്യതയുള്ളതിനാൽ ജെൽഡാ ഫുഡ്‌സിന്‍റെ ദേശി-ലിഷ്യസ് കുൽഫി ഐസ്‌ക്രീം സ്റ്റിക്കുകളാണ് തിരിച്ചുവിളിച്ചത്.

ഒക്ടോബർ 17 നും ഡിസംബർ 2 നും ഇടയിൽ കാനഡയിലെ കോസ്റ്റ്‌കോ വെയർഹൗസുകളിലോ സ്റ്റോറുകളിലോ വിറ്റഴിച്ച ഉൽപ്പന്നങ്ങളാണ് ഇവയെന്ന് ഹെൽത്ത് കാനഡ പറയുന്നു. മലായ് മസ്തി, പിസ്ത പാഷൻ എന്നീ രണ്ട് ഫ്ലേവറുകളിലുള്ള 14 എണ്ണം വീതമുള്ള ബോക്സുകളിലാക്കിയ, ലാക്ടോസ് അടങ്ങിയിട്ടില്ലാത്ത ഇന്ത്യൻ ഐസ്‌ക്രീം സ്റ്റിക്കുകളാണ് തിരിച്ചുവിളിച്ച ഉൽപ്പന്നം. ഈ ഐസ്‌ക്രീം കഴിക്കുകയോ, വിതരണം ചെയ്യുകയോ, വിൽക്കുകയോ ചെയ്യരുതെന്ന് നിർദ്ദേശം നൽകി. ഉപഭോക്താക്കൾ ഇവ ഉപേക്ഷിക്കുകയോ അല്ലെങ്കിൽ വാങ്ങിയ കോസ്റ്റ്‌കോയിൽ മുഴുവൻ പണവും തിരികെ വാങ്ങുകയോ ചെയ്യാം.

സാൽമൊണല്ല അണുബാധയുണ്ടായ ഭക്ഷണം ചീത്തയായതായി കാഴ്ചയിലോ മണത്തിലോ അറിയാൻ സാധിക്കില്ല. എന്നാൽ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകും. പനി, തലവേദന, ഓക്കാനം, ഛർദ്ദി, വയറുവേദന, വയറിളക്കം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, രോഗ പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് ഈ രോഗം കൂടുതൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.
