ഹാലിഫാക്സ് : അതിവേഗ ന്യൂനമർദ്ദമായ ആൽബർട്ട ക്ലിപ്പേഴ്സ് മാരിടൈംസ് പ്രവിശ്യകളിൽ അതിശൈത്യകാലാവസ്ഥ സൃഷ്ടിച്ചു. കനത്ത മഞ്ഞുവീഴ്ചയാണ് നോവസ്കോഷയിലും മറ്റു പ്രവിശ്യകളിലും തുടരുന്നത്.

കാലാവസ്ഥാ മുന്നറിയിപ്പുകൾ
നോവസ്കോഷയുടെ തെക്കൻ, മധ്യ ഭാഗങ്ങളിലും വടക്കൻ കെയ്പ് ബ്രെറ്റണിലും കനത്ത മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം കനത്ത മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും. ഒപ്പം 20 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ന്യൂബ്രൺസ്വിക്കിൽ മഞ്ഞുവീഴ്ച മുന്നറിയിപ്പുകളും പ്രത്യേക കാലാവസ്ഥാ പ്രസ്താവനകളും അവസാനിച്ചു. പ്രിൻസ് എഡ്വേഡ് ഐലൻഡിൽ നിലവിൽ കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നുമില്ല.
സ്കൂളുകൾ
ന്യൂബ്രൺസ്വിക്കിലെ പല സ്കൂളുകൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പി.ഇ.ഐയിൽ സ്കൂൾ അടച്ചിട്ടില്ല. നോവസ്കോഷയിൽ ടാർ ചെയ്ത റോഡുകളിൽ മാത്രം സ്കൂൾ ബസുകൾ ഓടിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

വൈദ്യുതി
രാവിലെ 8 മണി വരെ, ഫ്രെഡറിക്ടൺ മേഖലയിൽ ആയിരത്തിലധികം ആളുകൾ വൈദ്യുതി തടസ്സം നേരിടുന്നുണ്ടെന്ന് എൻബി പവർ അറിയിച്ചു. കാലാവസ്ഥ കാരണം നോവസ്കോഷയിലോ പി.ഇ.ഐയിലോ വലിയ വൈദ്യുതി തടസ്സങ്ങളൊന്നും ഉണ്ടായിട്ടില്ല.
