ടൊറന്റോ: കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ടൊറന്റോയില്‍ നിലവിലുണ്ടായിരുന്ന മഞ്ഞുവീഴ്ച മുന്നറിയിപ്പ് എന്‍വയോണ്‍മെന്റ് കാനഡ പിന്‍വലിച്ചു. എന്നാല്‍, പകല്‍ സമയത്തുണ്ടായ ശീതക്കാറ്റിനെത്തുടര്‍ന്ന് നഗരത്തില്‍ ഏകദേശം 200 ഓളം റോഡപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒന്റാറിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് സര്‍ജന്റ് കെറി ഷ്മിഡിന്റെ കണക്കനുസരിച്ച് മഞ്ഞുവീഴ്ച ആരംഭിച്ചത് മുതല്‍ ഏകദേശം 200 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഞ്ഞുവീഴ്ച നിലച്ചെങ്കിലും താപനില വീണ്ടും താഴുന്നതിനാല്‍ റോഡുകളില്‍ ഐസ് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാത്രി താപനില പൂജ്യത്തിലും താഴാന്‍ സാധ്യതയുള്ളതിനാല്‍, റോഡുകളില്‍ മഞ്ഞും ചെളിയും ഐസായി മാറാന്‍ സാധ്യതയുണ്ട്. അതിനാല്‍, ഐസ് രൂപപ്പെടുന്നത് തടയാനായി പ്രധാന റോഡുകളിലും നടപ്പാതകളിലും ഉപ്പിടുകയും മഞ്ഞ് നീക്കം ചെയ്യുകയും ചെയ്യുന്നത് രാത്രിയിലും തുടരുമെന്ന് ടൊറന്റോ സിറ്റി അധികൃതര്‍ അറിയിച്ചു.
മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ ഗ്രേറ്റര്‍ ടൊറന്റോ ഏരിയയുടെ ചില ഭാഗങ്ങളില്‍ സ്‌കൂള്‍ ബസുകള്‍ റദ്ദാക്കിയിരുന്നു. കൂടാതെ, പിയേഴ്‌സണ്‍ വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ വൈകുകയും ചെയ്തു.
