Thursday, December 11, 2025

ബിസി വെളളപ്പൊക്ക ഭീഷണിയില്‍, ഹൈവേകള്‍ അടച്ചു; പലയിടത്തും ഒഴിപ്പിക്കല്‍ ഉത്തരവ്

വന്‍കൂവര്‍: കനത്ത മഴയെ തുടര്‍ന്ന് ബ്രിട്ടിഷ് കൊളംബയ വെളളപ്പോക്ക ഭീഷണയില്‍. നിരവധി പ്രദേശങ്ങളില്‍ ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ഫ്രേസര്‍ വാലിയില്‍
ഏറ്റവും ഉയര്‍ന്ന വെള്ളപ്പൊക്ക മുന്നറിയിപ്പായ ‘ഫ്‌ളഡ് വാണിങ്’ നിലവിലുണ്ട്. സ്ഥിതിഗതികള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് ബിസി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ബിസിയുടെ ലോവര്‍ മെയിന്‍ലാന്‍ഡിനും ഉള്‍പ്രദേശങ്ങള്‍ക്കുമിടയിലുള്ള എല്ലാ ഹൈവേകളും അടച്ചു. ഹൈവേ 1, ഹൈവേ 7, ഹൈവേ 99, കോക്വഹല്ല ഹൈവേ എന്നിവയുടെ ഭാഗങ്ങളാണ് അടച്ചിരിക്കുന്നത്. ഫ്രേസര്‍ വാലി റീജിയണല്‍ ഡിസ്ട്രിക്റ്റ് പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചില്ലിവാക്ക് റിവര്‍ വാലിയിലെ എട്ട് പ്രോപ്പര്‍ട്ടികളില്‍ നിന്ന് ആളുകളെ ഉടന്‍ ഒഴിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തു. കൂടാതെ 12 ഇടങ്ങളില്‍ ‘ഒഴിപ്പിക്കല്‍ മുന്നറിയിപ്പ്’ (Evacuation Alert) നല്‍കിയിട്ടുണ്ട്.

യുഎസിലെ നുക്‌സാക്ക് നദി കരകവിഞ്ഞൊഴുകുന്നതുമൂലം ആ വെള്ളം ഫ്രേസര്‍ വാലിയിലെ ചില്ലിവാക്ക്, സുമസ് നദികളിലേക്ക് ഒഴുകിയെത്തുന്നത് സ്ഥിതി അതീവ ഗുരുതരമാക്കുന്നു. ജലാശയങ്ങള്‍ക്ക് സമീപം താമസിക്കുന്നവരും താഴ്ന്ന പ്രദേശങ്ങളിലുള്ളവരും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും, വീട് വിട്ട് പോകേണ്ടിവന്നാല്‍ ആവശ്യമായ സാധനങ്ങളടങ്ങിയ ‘ഗ്രാബ് ആന്‍ഡ് ഗോ ബാഗ്’ തയ്യാറാക്കി വെക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

അടിയന്തര സാഹചര്യങ്ങളില്‍ കൂടുതല്‍ ഒഴിപ്പിക്കലിനായി മൊബൈല്‍ ഫോണുകളില്‍ ഉള്‍പ്പെടെ ‘ബ്രോഡ്കാസ്റ്റ് ഇന്‍ട്രൂസീവ്’ മുന്നറിയിപ്പുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് എമര്‍ജന്‍സി മാനേജ്മെന്റ്, ക്ലൈമറ്റ് റെഡിനസ് മന്ത്രി കെല്ലി ഗ്രീന്‍ അറിയിച്ചു. പ്രദേശത്ത് 2021 നവംബറില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ ദുരന്തം ഓര്‍മ്മിപ്പിച്ചുകൊണ്ട്, ആശങ്കയിലായ ജനങ്ങള്‍ക്കൊപ്പം സര്‍ക്കാരുണ്ടെന്നും, എല്ലാ സാഹചര്യങ്ങളെയും നേരിടാന്‍ പ്രവിശ്യ തയ്യാറെടുക്കുന്നുണ്ടെന്നും മന്ത്രി ഗ്രീന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!