വാഷിങ്ടണ്‍ ഡി.സി.: സമ്പന്നരും അതീവ വൈദഗ്ധ്യമുള്ളവരുമായ വിദേശ പൗരന്മാരെ അമേരിക്കയിലേക്ക് ആകര്‍ഷിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ‘ട്രംപ് ഗോള്‍ഡ് കാര്‍ഡ്’ വീസ പദ്ധതി പ്രഖ്യാപിച്ചു. വേഗത്തില്‍ യുഎസില്‍ താമസാനുമതി നേടാന്‍ അവസരം നല്‍കുന്ന ഈ പുതിയ പദ്ധതിയിലൂടെ രാജ്യത്തേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കാനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്.
10 ലക്ഷം ഡോളര്‍ (ഏകദേശം 9,02,52,789 ഇന്ത്യന്‍ രൂപ) നല്‍കുന്ന വ്യക്തികള്‍ക്ക് യുഎസ് പൗരത്വം ലഭിക്കും. 20 ലക്ഷം ഡോളര്‍ (ഏകദേശം 18,03,92,000 ഇന്ത്യന്‍ രൂപ) നല്‍കി കമ്പനികള്‍ക്ക് ഗോള്‍ഡ് കാര്‍ഡിലൂടെ വിദഗ്ധ തൊഴിലാളികളെ യുഎസിലേക്ക് കൊണ്ടുവരാന്‍ സാധിക്കും. ഗോള്‍ഡ് കാര്‍ഡ് അപേക്ഷകള്‍ ക്ഷണിക്കുന്നതിനായി പ്രത്യേക വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്.

വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി 1990-ല്‍ ആരംഭിച്ച ഇബി-5 വീസകള്‍ക്ക് (EB-5 Visas) പകരമായാണ് ഈ പുതിയ പദ്ധതി അവതരിപ്പിക്കുന്നത്. കുറഞ്ഞത് 10 പേര്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ 10 ലക്ഷം ഡോളര്‍ ചെലവഴിക്കുന്നവര്‍ക്കായിരുന്നു ഇബി-5 വീസ ലഭിച്ചിരുന്നത്. ഈ വീസ പദ്ധതിയിലൂടെ ലഭിക്കുന്ന ഫണ്ടുകള്‍ സര്‍ക്കാരിന് ലഭിക്കുമെന്നും, കോടിക്കണക്കിന് ഡോളര്‍ ട്രഷറിയിലെത്തുമെന്നും ട്രംപ് വ്യക്തമാക്കി. ‘ഈ തുക ഉപയോഗിച്ച് രാജ്യത്തിന് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടിസ്ഥാനപരമായി ഇതൊരു ഗ്രീന്‍ കാര്‍ഡ് ആണെങ്കിലും അതിലും മെച്ചപ്പെട്ടതാണ് ഗോള്‍ഡ് കാര്‍ഡ് എന്നും ട്രംപ് അഭിപ്രായപ്പെട്ടു. കമ്പനികള്‍ക്ക് ഒന്നിലധികം ഗോള്‍ഡ് കാര്‍ഡുകള്‍ ലഭിക്കുമെങ്കിലും, ഒരു വ്യക്തിക്ക് ഒരു കാര്‍ഡ് മാത്രമേ ലഭിക്കുകയുള്ളൂ.
ഗോള്‍ഡ് കാര്‍ഡിന് പുറമെ ഉടന്‍ തന്നെ ‘ട്രംപ് പ്ലാറ്റിനം കാര്‍ഡ്’ കൂടി പുറത്തിറങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ഒരു ഗോള്‍ഡ് കാര്‍ഡ് ലഭിക്കാന്‍ 50 ലക്ഷം ഡോളര്‍ വേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞിരുന്നെങ്കിലും, പിന്നീട് തുക കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു
