ബ്രാംപ്ടൺ: ബ്രാംപ്ടണിലെ പ്രധാന ജംഗ്ഷനിൽ ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡിൽ വൻ വെള്ളക്കെട്ട്. ഗതാഗത തടസ്സമുണ്ടായ ഈ ഭാഗം യാത്രക്കാർക്കായി അടച്ചു. സിറ്റി ഓഫ് ബ്രാംപ്ടൺ അധികൃതർ അറ്റകുറ്റപ്പണികൾ നടത്തി വരുന്നു. ഡിസംബർ 11 വ്യാഴാഴ്ച പുലർച്ചെ 1 മണിയോടെയാണ് ക്വീൻ സ്ട്രീറ്റ് ഈസ്റ്റ് (Queen Street East), സെൻട്രൽ പാർക്ക് ഡ്രൈവ് (Central Park Drive) എന്നീ റോഡുകൾ കൂടിച്ചേരുന്ന ഭാഗത്താണ് സംഭവം.
ജലവിതരണ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് റോഡിൽ വെള്ളം കുതിച്ചൊഴുകുകയാണ്. ചില പ്രദേശങ്ങളിൽ ഗതാഗതനിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ക്വീൻ സ്ട്രീറ്റ് ഈസ്റ്റ് സെൻട്രൽ പാർക്ക് ഡ്രൈവിന് സമീപം ഗതാഗതം ഒരു ലൈനിലേക്ക് ചുരുക്കി. സെൻട്രൽ പാർക്ക് ഡ്രൈവിൽ ക്വീൻ സ്ട്രീറ്റ് ഈസ്റ്റിനും ഹാനോവർ റോഡിനും ഇടയിലുള്ള ഭാഗം പൂർണ്ണമായും അടച്ചിരിക്കുകയാണ്. അതേ സമയം റോഡിലെ വെള്ളക്കെട്ടും തണുത്ത കാലാവസ്ഥയും അറ്റകുറ്റപ്പണിക്ക് വെല്ലുവിളിയാകുന്നുണ്ട്. സിറ്റി ഓഫ് ബ്രാംപ്ടൺ അധികൃതർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഈ പ്രദേശം സാധാരണ നിലയിലേക്ക് എപ്പോൾ തിരിച്ചെത്തുമെന്ന് ഇതുവരെ വ്യക്തമല്ല.

തലേദിവസം രാത്രി ഒരു ലീക്ക് നന്നാക്കാനുള്ള ഷെഡ്യൂൾ ചെയ്യാനുള്ള അറ്റകുറ്റപ്പണിക്കിടെ പണി പൂർത്തിയാക്കുന്നതിന് മുമ്പായി പൈപ്പ് പൂർണ്ണമായും പൊട്ടുകയായിരുന്നു. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ക്യാച്ച് ബേസിനുകളിൽമഞ്ഞ് അടിഞ്ഞുകൂടിയത് റോഡിലെ വെള്ളം ഒഴുകിപ്പോകുന്നതിനെ തടസ്സപ്പെടുത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. മോട്ടോർ വാഹനയാത്രികരോട് ഈ പ്രദേശം ഒഴിവാക്കാനും യാത്രാ സമയത്തിൽ മാറ്റം വരുത്താനും പൊലീസ് നിർദ്ദേശിച്ചു.
