Saturday, December 13, 2025

യു.എസ് ഉപരോധം പിൻവലിച്ചു; ബെലാറസിൽ 123 രാഷ്ട്രീയ തടവുകാരെ മോചിപ്പിച്ചു

മിൻസ്‌ക്‌: യു.എസ്. ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ചതിന് പിന്നാലെ, ബെലാറസ് പ്രസിഡൻ്റ് അലക്സാണ്ടർ ലുകാഷെങ്കോ 123 തടവുകാരെ മോചിപ്പിച്ചു. 2022-ലെ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവ് അലസ് ബിയാലിയാറ്റ്‌സ്കി, പ്രമുഖ പ്രതിപക്ഷ നേതാവ് മരിയ കൊളസ്‌നികോവ എന്നിവർ മോചിപ്പിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ബെലാറസിൻ്റെ പ്രധാന കയറ്റുമതി ഉൽപ്പന്നമായ പൊട്ടാഷിന് ഏർപ്പെടുത്തിയിരുന്ന ഉപരോധം യു.എസ് നീക്കം ചെയ്തതിന് തൊട്ടുപിന്നാലെയാണ് തടവുകാരെ വിട്ടയക്കാനുള്ള പ്രഖ്യാപനം. യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രത്യേക പ്രതിനിധിയുമായി നടത്തിയ രണ്ട് ദിവസത്തെ ചർച്ചകൾക്കൊടുവിലാണ് ഈ നീക്കം. ഉപരോധം പിൻവലിക്കുന്നതിന് ട്രംപ് നിർദ്ദേശം നൽകിയതായി യു.എസ് പ്രതിനിധി ജോൺ കോൾ മിൻസ്‌കിൽ മാധ്യമങ്ങളോട് പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്താൻ ലുകാഷെങ്കോ ഭരണകൂടം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് തടവുകാരെ കൂട്ടത്തോടെ മോചിപ്പിച്ച ഈ നടപടി. 2022-ലെ നോബൽ സമ്മാനം നേടിയ മനുഷ്യാവകാശ പ്രവർത്തകനായ അലസ് ബിയാലിയാറ്റ്‌സ്കി 2021 ജൂലായ്‌യിലാണ്‌ ജയിലിലായത്‌. 2020-ൽ ലുകാഷെങ്കോക്കെതിരെ നടന്ന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ മൂന്ന് വനിതകളിൽ ഒരാളാണ്‌ മരിയ കൊളസ്‌നികോവ. 2020-ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ലുകാഷെങ്കോക്കെതിരെ മത്സരിക്കാൻ ശ്രമിക്കവെയാണ്‌ വിക്‌ടർ ബബരിക അറസ്‌റ്റിലായത്‌.

മോചിപ്പിക്കപ്പെട്ട പല തടവുകാരുടെയും ആരോഗ്യം മോശമായ നിലയിലായിരുന്നുവെന്ന് മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു. തടവിൽ കഴിഞ്ഞ കാലയളവിൽ അധികൃതരുടെ പീഡനമാണ് ഇതിന് കാരണമെന്നും അവർ ആരോപിച്ചു. തൻ്റെ മോചനം സുഗമമാക്കിയതിന് യു.എസ്സിനോടും ട്രംപിനോടും മരിയ കൊളസ്‌നികോവ നന്ദിയറിയിച്ചതായി അവരുടെ സഹോദരി തസിയാന ഖോമിച്ച് റോയിട്ടേഴ്സിനോട് പറഞ്ഞു.തടവുകാരുടെ ബന്ധുക്കൾ ലിത്വാനിയയിലെ വിൽനിയസിലുള്ള യു.എസ് എംബസിക്ക് പുറത്ത് ഒത്തുകൂടി. മോചിപ്പിക്കപ്പെട്ടവരിൽ ചിലരെ ബെലാറസിൽ നിന്ന് അവിടേക്ക് മാറ്റിയേക്കും. റഷ്യയുടെയും പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ്റെയും അടുത്ത സഖ്യകക്ഷിയായ ബെലാറസ്, മനുഷ്യാവകാശ പ്രശ്‌നങ്ങൾ പരിഗണിക്കാത്തതു കാരണം
യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ഒറ്റപ്പെട്ട നിലയിലായിരുന്നു. ലുകാഷെങ്കോക്ക് പുടിനുമായി ദീർഘകാല ബന്ധമുണ്ടെന്നും അദ്ദേഹത്തിന് ഉപദേശം നൽകാൻ കഴിയുമെന്നും ട്രംപിൻ്റെ പ്രതിനിധി ജോൺ കോൾ പറഞ്ഞു. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങളിൽ ലുകാഷെങ്കോക്ക് സഹായിക്കാനാകുമെന്നും യു.എസ് പ്രതീക്ഷ പ്രകടിപ്പിച്ചു. യുക്രെയ്ൻ അധിനിവേശത്തിനായി ബെലാറസ് തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ റഷ്യയെ അനുവദിച്ചതിനെത്തുടർന്ന് 2022-ൽ ബെലാറസിനെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!