ഓട്ടവ: കാനഡക്കാർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകുന്നതിൽ വലിയ കുറവുണ്ടായതായി പുതിയ പഠനം. ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഈ പഠനം അനുസരിച്ച്, 2023-ൽ നികുതി അടയ്ക്കുന്നവരിൽ വെറും 16.8% പേർ മാത്രമാണ് ചാരിറ്റിക്ക് സംഭാവന നൽകിയത്. കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2013-ൽ ഇത് 21.9% ആയിരുന്നു. കൂടുതൽ പേർ സംഭാവന നൽകിയിരുന്നത് 2004-ലായിരുന്നു. ഈ കുറവ് കാരണം, ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ആവശ്യമായ പണം കണ്ടെത്താൻ ചാരിറ്റി സ്ഥാപനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായാണ് റിപ്പോർട്ടിൽ.
സംഭാവന നൽകുന്നവരുടെ എണ്ണത്തിൽ മാത്രമല്ല, നൽകുന്ന പണത്തിന്റെ അളവിലും കുറവുണ്ട്. കാനഡക്കാർ അവരുടെ മൊത്തം വരുമാനത്തിന്റെ 0.53% മാത്രമാണ് ഇപ്പോൾ ചാരിറ്റിക്ക് നൽകുന്നത്, ഇത് പത്ത് വർഷം മുൻപുള്ളതിനേക്കാൾ കുറവാണ്. പ്രവിശ്യകളിൽ, മാനിറ്റോബയിലെ നികുതിദായകരാണ് (18.7%) കൂടുതൽ സംഭാവന നൽകിയത്. എന്നാൽ കെബെക്, ന്യൂഫിൻലൻഡ്, ലാബ്രഡോ എന്നിവിടങ്ങളിലാണ് ഏറ്റവും കുറഞ്ഞ സംഭാവനകൾ ലഭിച്ചത്.

കൂടാതെ, അമേരിക്കയിലെ ജനങ്ങൾ കാനഡക്കാരേക്കാൾ വളരെ ഉയർന്ന തോതിൽ ചാരിറ്റിക്ക് സംഭാവന നൽകുന്നുണ്ടെന്നും പഠനം വ്യക്തമാക്കി. ഇത് സംഘടനകൾക്ക് അവരുടെ സമൂഹങ്ങളിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാനുള്ള കഴിവ് പരിമിതപ്പെടുന്നുവെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.
